ബംഗളൂരു: കന്നഡ ഭാഷയും ദേശവും വെള്ളവും സംരക്ഷിക്കാൻ മുഴുവൻ കന്നഡക്കാർക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാതൃഭാഷ സംസാരിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക വിധാൻ സൗധിന്‍റെ പടിഞ്ഞാറെ കവാടത്തിൽ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കർണാടകയിൽ താമസിക്കുന്ന മുഴുവൻ പേരും കന്നഡ സംസാരിക്കുമെന്ന് തീരുമാനിക്കണം. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം. കന്നഡക്കാർ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവർക്ക് പോലും ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം കർണാടകയിലുള്ളത്. തമിഴ്‌നാട്, ആന്ധ്ര, കേരള സംസ്ഥാനങ്ങളിൽ ഇതേ അവസ്ഥ കാണാൻ കഴിയില്ല. അവർ മാതൃഭാഷയിൽ മാത്രമേ സംസാരിക്കൂ. നമ്മൾ മാതൃഭാഷയിലും സംസാരിക്കണം, അതിൽ നാം അഭിമാനിക്കണം' - സിദ്ധരാമയ്യ പറഞ്ഞു.
കന്നഡ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതിന് സംസ്ഥാനത്ത് താമസിക്കുന്നവരെല്ലാം കന്നഡ പഠിക്കണം. കന്നഡ സ്നേഹം വളർത്തിയെടുക്കണം. നമ്മുടെ ഭാഷയോടും ദേശത്തോടും രാജ്യത്തോടും ബഹുമാനവും ആദരവും വളരണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വിധാൻ സൗധിന്‍റെ പടിഞ്ഞാറെ കവാടത്തിൽ സ്ഥാപിക്കുന്ന നന്ദാദേവി ഭുവനേശ്വരിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ നിർമാണം നവംബർ ഒന്നിന് പൂർത്തിയാകും. സംസ്ഥാനത്തിന് കർണാടക എന്ന് പേരിട്ടിട്ട് 50 വർഷം തികയുന്നത് നവംബർ ഒന്നിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.