ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട എ.ജി. പേരറിവാളന് പരോൾ അനുവദിച്ചതിന് നന്ദി പറയാൻ മാതാവ് അർപുതമ്മാൾ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാനെത്തി. ബുധനാഴ്ച സെക്രട്ടേറിയറ്റിലെത്തിയാണ് അവർ മുഖ്യമന്ത്രിയെ കണ്ടത്.
30 വർഷത്തോളമായി തടവിൽ കഴിയുന്ന പേരറിവാളന് കഴിഞ്ഞ മാസം 30 ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. മകന് പരോൾ നൽകിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞതായി അർപുതമ്മാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലിൽ കഴിയുന്ന മകന് ആവശ്യമായ വൈദ്യചികിത്സ തുടരണമെന്നും അവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായി അർപുതമ്മാൾ അറിയിച്ചു. ചെപ്പോക്-തിരുവള്ളിക്കേണി എംഎൽഎ ഉദയനിധി സ്റ്റാലിനും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ജയിലിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങളുള്ള മകെൻറ ജീവന് ആപത്തുണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടി അർപുതമ്മാൾ നൽകിയ അപേക്ഷയിലാണ് പേരറിവാളന് അടിയന്തര പരോൾ നൽകിയത്.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലായിരുന്നു പേരറിവാളനെന്ന അറിവ് അറസ്റ്റിലാവുന്നത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. എൽ.ടി.ടി.ഇ പ്രവര്‍ത്തകനും ഗൂഢാലോചനയുടെ സൂത്രധാരനുമായ പേരറിവാളൻ രണ്ട് ബാറ്ററികൾ വാങ്ങിയതായും അതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയെ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയായിരുന്നു അദ്ദേഹത്തിന് ആദ്യം കോടതി വിധിച്ചത്. എന്നാൽ 2014ൽ പേരറിവാളൻ, മുരുകൻ, സന്തൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.