മുംബൈ: ജയിലിൽ കഴിയവേ രോഗബാധിതനായി മരിച്ച ഫാ. സ്റ്റാൻ സ്വാമിക്കെതിരായ കോടതി പരാമർശം നീക്കണമെന്നാവശ്യപ്പെട്ട് ജെസ്യുട്ട് സഭ ബോംബെ ഹൈകോടതിയിൽ. സ്റ്റാൻ സ്വാമിക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകൻ മിഹിർ ദേശായി മുഖേനയാണ് സഭ ഹരജി നൽകിയത്. ഭരണഘടനയുടെ 21ാം വകുപ്പ് മരിച്ചവർക്കും ബാധകമാണെന്നും പുരോഹിതനായ സ്റ്റാൻ സ്വാമിയുടെ ഉറ്റ ബന്ധുക്കൾ തങ്ങളാണെന്നുമാണ് സഭയുടെ വാദം.
സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ച് എൻ.ഐ.എ കോടതി നടത്തിയ പരാമർശം അദ്ദേഹത്തെ കുറ്റക്കാരനായി കാണുന്നതിനു തുല്യമാണെന്നും അത് നീക്കം ചെയ്യേണ്ട ബാധ്യത ഉറ്റ ബന്ധുക്കൾക്കുണ്ടെന്നും മിഹിർ ദേശായി കോടതിയിൽ പറഞ്ഞു. ബോഫോഴ്സ് കേസിൽ മരണാനന്തരം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിരപരാധിത്വം തെളിയിച്ചത് ചൂണ്ടിക്കാട്ടിയാണ് വാദം.
യു.എ.പി.എ നിയമത്തിലെ ജാമ്യവ്യവസ്ഥകൾക്കെതിരെ സ്റ്റാൻ സ്വാമി നൽകിയ ഹരജി തുടരണമെന്നും ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിൽ മജിസ്ട്രേറ്റ് അന്വേഷണമാണ് മിഹിർ ദേശായി മുന്നോട്ടുവെച്ച മറ്റൊരാവശ്യം. അറസ്റ്റും ജയിലിലെ അവസ്ഥകളുമാണ് സ്റ്റാൻ സ്വാമിയുടെ മരണത്തിനു കാരണമായതെന്ന് വിശ്വസിക്കുന്നതായും മിഹിർ ദേശായി ഹൈകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.