മഹാരാഷ്ട്രയിൽ ഉദ്ധവ് പക്ഷത്തെ 16 എം.എൽ.എമാരെ സസ്പെൻഡ് ചെയ്യാനാവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ്

മുംബൈ: വിപ്പ് ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ 16 എം.എൽ.എമാരെ സസ്‍പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് ഭാരത് ഗോഗവാലെ നിയമസഭ സ്പീക്കർക്ക് പരാതി നൽകി. ഇവരെ സസ്‍പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. അതിനിടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഏക്നാഥ് ഷിൻഷെ ഇന്ന് സഭയിൽ വിശ്വാസവോട്ടു തേടാനിരിക്കെയാണ് പുതിയ നീക്കം. 

ബി.ജെ.പി അംഗം രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് 16 എം.എൽ.എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നൽകിയത്. സ്പീക്കറായതിനു പിന്നാലെ നർവാക്കർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും അംഗീകരിച്ചു.

അതിനിടെ, ഷിൻഡെ പക്ഷത്തെ 16 വിമതരെ അയോഗ്യരാക്കണമെന്ന് കാണിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, 16 എം.എൽ.എമാരെ സുപ്രീംകോടതി അയോഗ്യരായി പ്രഖ്യാപിച്ചാൽ പോലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പുതിയ സർക്കാരിനു സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ 106 ബി.ജെ.പി എം.എൽ.എമാരുടെയും 39 സേന വിമതരടക്കം 50 പേരുടെയും പിന്തുണയുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. അതായത്, 16 എം.എൽ.എമാരെ അയോഗ്യരായി പ്രഖ്യാപിച്ചാലും ഷിൻഡെ പക്ഷത്തിന് 140 പേരുടെ പിന്തുണയുണ്ടാകും.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഞായറാഴ്ച നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ പിന്തുണയോടെയാണ് നർവാക്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥി രാജൻ സാൽവിക്ക് 107 വോട്ടുകളാണ് ലഭിച്ചത്.  

Tags:    
News Summary - petition to Speaker for the suspension of 16 MLAs of the party for violation of whip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.