ന്യൂഡൽഹി: കടുത്ത വിലക്കയറ്റം സൃഷ്ടിച്ച ജനരോഷം ശമിപ്പിക്കാൻ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. തൊട്ടുപിന്നാലെ സംസ്ഥാന സർക്കാറും നികുതി കുറച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 10.41 രൂപയും ഡീസലിന് 7.36 രൂപയും കുറയും. പുതിയ വില ഇന്നു രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോളിന് ലിറ്ററിന്മേൽ എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രം എക്സൈസ് നികുതിയിനത്തിൽ കുറച്ചത്. പെട്രോൾ നികുതിയിൽ 2.41 രൂപയും ഡീസൽ നികുതിയിൽ 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 106.67 രൂപയും ഡീസലിന് 96.55 രൂപയും ആകും.
പാചകവാതകവില 1000 രൂപ കടന്നിരിക്കെ, ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്കു മാത്രമായി സിലിണ്ടറിന് 200 രൂപ കുറക്കുമെന്നും കേന്ദ്രം അറിയിച്ചു. പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് ഈ അധിക സബ്സിഡി. പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കായുള്ള അനുബന്ധ സാമഗ്രികളുടെ കസ്റ്റംസ് തീരുവ കുറച്ചു. ചില അസംസ്കൃത ഉരുക്കുസാധനങ്ങളുടെ ഇറക്കുമതി തീരുവയും ഏതാനും സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവയും കുറക്കും.
കോവിഡ് ലോക്ഡൗൺ കാലത്ത് അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞപ്പോൾ 2020 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി കേന്ദ്ര സർക്കാർ പെട്രോളിന് 13ഉം ഡീസലിന് 16ഉം രൂപ എക്സൈസ് തീരുവ ചുമത്തി വൻതുകയാണ് ഖജനാവിലേക്ക് സമാഹരിച്ചത്. അത് പൂർണമായി പിൻവലിച്ചത് ഇപ്പോൾ മാത്രമാണ്. കഴിഞ്ഞ നവംബറിൽ പെട്രോളിന് അഞ്ചും ഡീസലിന് 10ഉം രൂപയാണ് കുറച്ചത്. ഇപ്പോഴത്തെ ഇളവിനുശേഷവും പെട്രോളിന് 19.9 രൂപയും ഡീസലിന് 15.8 രൂപയും എക്സൈസ് ഡ്യൂട്ടിയുണ്ട്.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ബാക്കിയാണെന്ന വിശദീകരണത്തോടെ വിലനിയന്ത്രണത്തിന് നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുകയായിരുന്നു സർക്കാർ. അതിനൊടുവിലാണ് ഇപ്പോഴത്തെ നടപടി. സിമന്റിന്റെ ലഭ്യത മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും രാസവളത്തിന്റെ വിലവർധന നിയന്ത്രിക്കാൻ കൂടുതൽ സബ്സിഡി അനുവദിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പെട്രോൾ, ഡീസൽ തീരുവ കുറക്കുന്നതു വഴി കേന്ദ്ര ഖജനാവിന് ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി വിശദീകരിച്ചു.
എൽ.പി.ജി സബ്സിഡി വഴി 6100 കോടി രൂപ നഷ്ടമുണ്ടാകും. ആഗോളതലത്തിൽ രാസവളത്തിന് വില കൂടുകയാണെങ്കിലും, അത്തരമൊരു വിലക്കയറ്റത്തിൽനിന്ന് കർഷകരെ സർക്കാർ രക്ഷിച്ചുനിർത്തിയിട്ടുണ്ട്. ബജറ്റിൽ നീക്കിവെച്ച 1.05 ലക്ഷം കോടിക്കു പുറമെ 1.10 ലക്ഷം കോടി കൂടി ഇതിനായി നൽകുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ വില കുറച്ചതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.