ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് പെട്രോൾ -ഡീസൽ വില. മുംബൈയിൽ പെട്രോൾ വില വെള്ളിയാഴ്ച 103 കടന്നു. വില വീണ്ടും വർധിപ്പിച്ചതോടെ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തുകയായിരുന്നു. പെട്രോളിന് 26-27 ൈപസയും ഡീസലിന് 28-30 പൈസയുമാണ് വർധിപ്പിച്ചത്.
മേയ് നാലിന് ശേഷം 18 ദിവസം കഴിഞ്ഞാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചത്. അതിനുശേഷം പെട്രോൾ ലിറ്ററിന് ആറുരൂപയും ഡീസൽ ലിറ്ററിന് ഏഴുരൂപയും വർധിച്ചു.
ഏഴു സംസ്ഥാനങ്ങളിലാണ് പെട്രോൾ വില നൂറുകടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കർണാടക എന്നിവിടങ്ങളിൽ പെട്രോൾ വില സെഞ്ച്വറിയടിക്കുകയായിരുന്നു.
രാജ്യത്ത് ആദ്യമായി പെട്രോൾ വില സെഞ്ച്വറിയടിച്ച മെട്രോ നഗരം മുംബൈയാണ്. നിലവിൽ പെട്രോൾ ലിറ്ററിന് 103.8 രൂപയും ഡീസൽ ലിറ്ററിന് 95.59 രൂപയുമാണ് വില.
ഹൈദരാബാദാണ് പെട്രോൾ വില നൂറുകടക്കുന്ന രണ്ടാമത്തെ നഗരം. ഇവിടെ 100.74 രൂപയാണ് പെട്രോൾ ലിറ്ററിന്‍റെ വില. ഡീസലിന് 95.59 രൂപയും. ബംഗളൂരുവിൽ 100.17 രൂപയാണ് പെട്രോൾ ലിറ്ററിന് വില. ഡീസലിന് 92.97 രൂപയും.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് രാജ്യത്ത് എണ്ണ വില വർധിപ്പിക്കാൻ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതേസമയം രാജ്യത്ത് എണ്ണവില കുതിച്ചുയരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും കോവിഡിനെ നേരിടാൻ കൂടുതൽ പണം ആവശ്യമായതിനാൽ നികുതി കുറക്കാനാകില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം. പെട്രോൾ -ഡീസൽ വില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.