ന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി എം.പി നൽകിയ ഹരജിയിൽ വ്യാഴാഴ്ച സുപ്രീംകോടതി വാദം കേൾക്കും. 2024 ഡിസംബർ 17നാണ് അഡ്വ. ഫുസൈൽ അഹ്മദ് മുഖേന ഹരജി സമർപ്പിച്ചത്.
1947 ആഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള ആരാധനാലയങ്ങളുടെ സ്വഭാവം അതേപടി നിലനിർത്താൻ വ്യവസ്ഥചെയ്യുന്നതാണ് 1991ലെ നിയമം. ഈ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായയും ഹരജി നൽകിയിരുന്നു.
അതേസമയം, മസ്ജിദുകളിലും ദർഗകളിലും അവകാശവാദം ഉന്നയിച്ച് നൽകുന്ന ഹരജികൾ സ്വീകരിക്കുന്നതും തുടർനടപടികളിൽ ഉത്തരവിടുന്നതും വിലക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡിസംബർ 12ന് ഉത്തരവിട്ടിരുന്നു.
ആരാധനാലയ നിയമം നടപ്പാക്കണമെന്ന ഒരുകൂട്ടം ഹരജികളിലായിരുന്നു പരമോന്നത കോടതി ഉത്തരവ്. ഗ്യാൻവാപി, സംഭൽ ഉൾപ്പെടെ മസ്ജിദുകളിൽ സർവേയും തുടർനടപടികളുമാണ് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.