ഭോപ്പാൽ: കോവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡിസിവറുമായി വന്ന വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽ പെട്ട സംഭവത്തിൽ പൈലറ്റിന് 85 കോടി രൂപയുടെ ബില്ല് നൽകി മധ്യപ്രദേശ് സർക്കാർ. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ഗ്വാളിയോർ മഹാരാജ്‌പുര വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴായിരുന്നു റൺവെയിൽ നിന്ന് തെന്നിനീങ്ങി വിമാനപകടമുണ്ടായത്. സംഭവത്തിൽ പൈലറ്റിനും സഹ പൈലറ്റിനും കൂടെയുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിരുന്നു.
മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ സേവനം ചെയ്തതിന് 'കോവിഡ് പോരാളി'യെന്ന് വിശേഷിപ്പിക്കപ്പെട്ടവരിൽ ഒരാളായ ക്യാപ്റ്റൻ മാജിദ് അക്തറിനാണ് ഭീമൻ തുകയുടെ ബില്ല് സർക്കാർ നൽകിയത്. അദ്ദേഹവും മധ്യപ്രദേശ് സർക്കാറിന് കീഴിലുള്ള സഹ പൈലറ്റും ചേർന്ന് കോവിഡ് രോഗികളുടെ സാംപിളുകളും മറ്റ് മരുന്നുകളും കയറ്റി വരികയായിരുന്നു. എന്നാൽ, ലാൻഡിങ്ങിനിടെ ഗ്വാളിയോർ വിമാനത്താവളത്തിലെ റൺവേയിലെ അറസ്റ്റർ ബാരിയറിൽ ഇടിച്ച് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.
അതേസമയം, അപകടത്തിന് കാരണമായ തടസ്സത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് പൈലറ്റ് ആരോപിച്ചു. കൂടാതെ വിമാനം പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതിന് മുമ്പ് അതിന് ഇൻഷുറൻസ് എടുത്തിട്ടില്ലെന്നും, അതിൽ ആർക്കാണ് പിഴവ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
60 കോടിയോളം രൂപ ചെലവ് വന്ന സ്റ്റേറ്റ് വിമാനം അപകടത്തെത്തുടർന്ന് സ്‌ക്രാപ്പിലേക്ക് ചുരുക്കിയതായി സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച പൈലറ്റിന് സമർപ്പിച്ച കുറ്റപത്രത്തിൽ അവകാശപ്പെട്ടിരുന്നു. അതുമൂലം സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്ന് വിമാനങ്ങൾ വാടകയ്‌ക്കെടുത്തതിനുള്ള ചെലവായി 25 കോടി കൂടി അവർ ചേർക്കുകയായിരുന്നു. രണ്ടുമടക്കം 85 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് സർക്കാർ ക്യാപ്റ്റൻ മാജിദ് അക്തറിനോട് പറയുന്നത്.
എന്നാൽ, ഗ്വാളിയോർ വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന അറസ്റ്റർ ബാരിയറിനെ കുറിച്ച് എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി) തനിക്ക് വിവരം നൽകിയിരുന്നില്ലെന്ന് മാജിദ് അക്തർ എൻ.ഡി.ടി.വിയോട് പറഞ്ഞു. ഗ്വാളിയോർ എ.ടി.സിയിൽ നിന്ന് ലഭിച്ച എല്ലാ നിർദ്ദേശങ്ങളും അടങ്ങുന്ന ബ്ലാക്ക് ബോക്സ് ഉള്ളടക്കം തനിക്ക് നൽകിയിട്ടില്ലെന്നും 27 വർഷം വിമാനം പറത്തി പരിചയമുള്ള പൈലറ്റായ അദ്ദേഹം ആരോപിച്ചു.
സംഭവത്തിന് പിന്നാലെ, ഇന്ത്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അക്തറിന്റെ ഫ്ലൈയിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കേസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, നിർബന്ധിത ഇൻഷുറൻസ് പ്രോട്ടോക്കോളുകൾ പാലിക്കാതെ എങ്ങനെയാണ് വിമാനം പറത്താൻ അനുവദിച്ചതെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. ഇൻഷുറൻസ് പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നെങ്കിൽ സ്ക്രാപ്പിലേക്ക് ചുരുക്കിയാലും സർക്കാരിന് വിമാനത്തിന്റെ തുക തിരിച്ചുപിടിക്കാമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.