ന്യൂഡൽഹി: സൈന്യത്തിലെ കരാർ നിയമന പദ്ധതിയായ അഗ്നിപഥിനെതിരെ സുപ്രീംകോടതിയിൽ ഹരജി. സൈന്യത്തിലെ കാലങ്ങളായുള്ള റിക്രൂട്ട്മെന്റ് റദ്ദാക്കികൊണ്ട് പാർലമെന്റിന്റെ അംഗീകാരമില്ലാതെ ഭരണഘടനയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അഗ്നിപഥ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കി അഭിഭാഷകൻ എം.എൽ. ശർമയാണ് ഹരജി ഫയൽ ചെയ്തത്. അനധികൃതവും ഭരണഘടന വിരുദ്ധവുമായ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 14ന് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമായി പാർലമെന്റിന്റെ അംഗീകാരമില്ലാതെ ഗസറ്റ് വിജ്ഞാപനമിറക്കാതെ കൊണ്ടുവന്ന അഗ്നിപഥിലൂടെ നൂറ്റാണ്ട് പഴക്കമുള്ള സൈനിക റിക്രൂട്ട്മെന്റാണ് അട്ടിമറിച്ചിരിക്കുന്നത്. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ഹരജിയിൽ ചൂണ്ടിക്കാണിച്ചു. ഉത്തർപ്രദേശ്, തെലങ്കാന, ബിഹാർ, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന സർക്കാറുകളോടും കേന്ദ്രത്തോടും അക്രമത്തിലേക്ക് നീങ്ങിയ പ്രതിഷേധങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
പദ്ധതിയെക്കുറിച്ചും സൈന്യത്തിനും ദേശസുരക്ഷക്കുമുണ്ടാക്കുന്ന ആഘാതം സംബന്ധിച്ചും പഠിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ കീഴിൽ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.