കൊൽക്കത്ത: മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ച പ്ലസ്ടു വിദ്യാർഥി നാലാമത്തെ ആശുപത്രിയിൽ മരിച്ചു. സുബ്രജിത് ചട്ടോപാധ്യായ എന്ന 18കാരനാണ് കൊൽക്കത്ത മെഡിക്കൽ കോളജ് (കെ.എം.സി.എച്ച്) ആശുപത്രിയിൽ ദാരുണാന്ത്യം സംഭവിച്ചത്. പ്രമേഹരോഗിയായ സുബ്രജിത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ചികിത്സിച്ചില്ലെങ്കിൽ താൻ ആശുപത്രിയിൽവെച്ച് ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണി മുഴക്കിയ ശേഷമാണ് നാലാമത്തെ ആശുപത്രിയിൽ മകനെ അഡ്മിറ്റ് ചെയ്തതെന്ന് പിതാവ് പറഞ്ഞു. ഇവിടെയും കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ‘‘മകന് കെ.എം.സി.എച്ചിൽ ഒരു മരുന്നും നൽകിയില്ല. ഞങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു വാർഡിലേക്ക് അവനെ കൊണ്ടുപോയി. ആരോഗ്യ സ്ഥിതിയെകുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന ഞങ്ങളെ ആരും ഒരു തരത്തിലും സഹായിച്ചില്ല. അന്വേഷണ വിഭാഗത്തിൽ ചോദിച്ചപ്പോഴാണ് രാത്രി 9.30ഓടെ മകൻ മരിച്ചുവെന്ന് അറിഞ്ഞത്’’ - അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ സുബ്രജിത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആദ്യം കാമർഹട്ടിയിലെ ഇ.എസ്.ഐ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ഐ.സി.യുവിൽ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. പിന്നെ സ്വകാര്യ നഴ്സിങ് ഹോമിൽ കൊണ്ടുപോയി. അവർ കോവിഡ് ടെസ്റ്റ് നടത്തി. മണിക്കൂറുകൾക്ക് ശേഷം ഫലം പോസിറ്റീവ് ആണെന്നും അവിടെ കിടക്കയില്ലെന്നും അവർ പറഞ്ഞു. അത്രയും സമയം ഞങ്ങൾ ആംബുലൻസിൽ കാത്തിരിക്കുകയായിരുന്നു -സുബ്രജിത്തിെൻറ പിതാവ് പറഞ്ഞു.
പിന്നീട് പോയ സാഗർ ദത്ത സർക്കാർ ആശുപത്രിയിലും ചികിത്സ നിഷേധിച്ചു. ഒടുവിൽ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് കെ.എം.സി.എച്ചിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതെന്ന് സുബ്രജിത്തിെൻറ അമ്മ പറഞ്ഞു. "കെ.എം.സി.എച്ച് അധികൃതരും ആദ്യം അവനെ പ്രവേശിപ്പിക്കാൻ സമ്മതിച്ചില്ല. മകൻ കോവിഡ് രോഗിയാണെന്നും ചികിത്സിച്ചില്ലെങ്കിൽ ഇവിടെ ആത്മഹത്യ ചെയ്യുമെന്നും എെൻറ ഭാര്യ ഭീഷണിപ്പെടുത്തിയ ശേഷം അവർ അഡ്മിറ്റ് ചെയ്യുകയായിരുന്നു’’ പിതാവ് പറഞ്ഞു.
"കൃത്യസമയത്ത് ചികിത്സിച്ചിരുന്നെങ്കിൽ ഞങ്ങളുടെ മകൻ ജീവിച്ചിരിക്കുമായിരുന്നു. കെ.എം.സി.എച്ചിൽ ചികിത്സ ലഭിച്ചില്ല. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് മകൻ മരിച്ചത്’’ അദ്ദേഹം ആരോപിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പശ്ചിമ ബംഗാൾ ആരോഗ്യ സേവന ഡയറക്ടർ അജോയ് ചക്രബർത്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.