അയോധ്യ: നഗരത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ജനുവരി 22ന് പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തിയശേഷം പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. മോദിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കമാണ് ക്ഷേത്രത്തിൽ നടത്തിയിരുന്നത്.
അയോധ്യ ജില്ല ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭ മണ്ഡലത്തിൽ മേയ് 20നാണ് വോട്ടെടുപ്പ്. രാമക്ഷേത്രത്തിൽ പ്രാർഥനക്കുശേഷം മോദി നഗരത്തിൽ റോഡ് ഷോ നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഫൈസാബാദ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ലല്ലു സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതിനിടെ, കോൺഗ്രസും ഇൻഡ്യ സഖ്യവും തങ്ങളെ കരുക്കളായി ഉപയോഗിക്കുകയാണെന്ന് മുസ്ലിംകൾ തിരിച്ചറിഞ്ഞതായി ദൗരാഹ്റ മണ്ഡലത്തിലെ സ്ഥാനാർഥിയായ രേഖ വർമക്കുവേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു.
ബി.ജെ.പി നടത്തിയ വികസന പ്രവൃത്തികൾ കണ്ട് മുസ്ലിംകൾ കോൺഗ്രസിൽനിന്നും ഇൻഡ്യ സഖ്യത്തിൽനിന്നും അകലുകയാണ്. പാവപ്പെട്ടവരും എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങളും ബി.ജെ.പിക്കൊപ്പം ചേരുന്നു. ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാണ്. എല്ലാ പദ്ധതികളുടെയും നേട്ടങ്ങൾ വിവേചനമില്ലാതെ മുസ്ലിംകൾക്കും ലഭിക്കുന്നുണ്ട്. മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുകയാണ്. പ്രതിപക്ഷത്തിെന്റ പ്രകടനപത്രിക മുസ്ലിം ലീഗിെന്റ ചിന്താഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.