ന്യൂഡൽഹി: മോശം പെരുമാറ്റത്തിന് കഴിഞ്ഞ സമ്മേളനകാലയളവിൽ സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർലമെന്റിന് ക്രിയാത്മകമായ സംഭാവനകൾ നൽകിയവരെ എല്ലാവരും ഓർത്തിരിക്കും. എന്നാൽ, തടസങ്ങൾ സൃഷ്ടിച്ചവരെ ആരും ഓർക്കില്ല. ഈ ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയമാണ്. ഈ അവസരം പാഴാക്കരുതെന്നും ഏറ്റവും മികച്ച പ്രകടനം എം.പിമാർ കാഴ്ചവെക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും മോദി പറഞ്ഞു.
മുമ്പത്തെ പോലെ കീഴ്വഴക്കം പാലിച്ച് ഇടക്കാല ബജറ്റാവും പാർലമെന്റിൽ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിന് ശേഷം പൂർണബജറ്റുമായി വരും. നാരീശക്തിയുടെ ഉത്സവമായിരിക്കും ഈ വർഷത്തെ ബജറ്റിലുണ്ടാവുക. തന്റെ ഭരണകാലത്ത് വനിതസംവരണ ബിൽ പാസാക്കാനായത് വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.
നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാവും നിർമല സീതാരാമൻ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് വർഷത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാവും ബജറ്റ് ഊന്നൽ നൽകുകയെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.