ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോടതികളിലെ ഒഴിവുകള്‍ നികത്തും. നടപടികളിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുവരും. നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും. ദീർഘകാലമായി രാജ്യത്തെ ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്ന 3.5 ലക്ഷം പേരുടെ കേസുകൾ പരിശോധിച്ച് അവരെ ജാമ്യത്തിൽ വിട്ടയക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. സാധാരണ പൗരന്മാർക്ക് വേഗത്തിലുള്ളതും സമയബന്ധിതവുമായ നീതി ലഭ്യമാക്കുന്നതിന് ജുഡീഷ്യറിക്ക് വഴിയൊരുക്കാൻ ചർച്ചകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സമ്മേളനത്തിൽ സംസാരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി രൂക്ഷ വിമർശനം നടത്തി. ഭരണഘടന സ്ഥാപനങ്ങൾ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് നൽകി. നിയമപരമായാണ് ഭരണനിർവഹണം നടക്കുന്നതെങ്കിൽ സുപ്രീംകോടതി ഇടപെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചർച്ചകളിലൂടേയും സംവാദങ്ങളിലൂടേയുമാണ് നിയമം നിർമ്മിക്കേണ്ടത്. ജനങ്ങളുടെ ആവശ്യകതയും അഭിലാഷവും നിയമനിർമ്മാണത്തിൽ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - PM Modi speech at the event of CMs with judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.