ന്യൂഡൽഹി: ശനിയാഴ്ച തുടങ്ങുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പ്രസിഡന്റ് ജോ ബൈഡന് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സ്വകാര്യ അത്താഴവിരുന്ന് നൽകും.
ഇന്ത്യയിലേക്ക് പുറപ്പെട്ട പ്രസിഡന്റ് ബൈഡൻ ഡൽഹിയിൽ എത്തിയതിന് ശേഷം നേരെ പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും ഒരുമിച്ച് അത്താഴം കഴിക്കും. മോദിയുടെ യു.എസ് സന്ദർശനത്തിന് ശേഷം പ്രസിഡന്റ് ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. മോദിയും ബൈഡനും തങ്ങളുടെ ഉഭയകക്ഷി ചർച്ചയിൽ ജെറ്റ് എൻജിൻ കരാറിലും സിവിൽ ന്യൂക്ലിയർ സാങ്കേതികവിദ്യയിലും നിർണായക തീരുമാനങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജെറ്റ് എൻജിനുകളുടെ തദ്ദേശീയ നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഏപ്രിലിൽ നടന്നിരുന്നു. പ്രധാനമന്ത്രി മോദി ഞായറാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി 15 ലധികം ഉഭയകക്ഷി യോഗങ്ങൾ നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹം ലോക് കല്യാൺ മാർഗിലെ വസതിയിൽ മൗറീഷ്യസ്, ബംഗ്ലാദേശ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.നാളെ ജി20 യോഗങ്ങൾക്ക് പുറമെ യു.കെ, ജപ്പാൻ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി യോഗങ്ങൾ നടത്തും.ജി 20 ഉച്ചകോടിയുടെ അവസാന ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിക്കും. കാനഡയുമായുള്ള കൂടിക്കാഴ്ചയും കൊമോറോസ്, തുർക്കിയ, യു.എ.ഇ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂനിയൻ, ബ്രസീൽ, നൈജീരിയ എന്നിവയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളും അദ്ദേഹം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.