ന്യൂഡൽഹി: വിദ്വേഷ പ്രസംഗ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ക്ലീൻചിറ്റ്. പിലിബിത്തിൽ നടത്തിയ പ്രസംഗത്തിൽ രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്നും പെരുമാറ്റച്ചട്ട ലംഘനമായി കാണാനാവില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട്. മതത്തിന്‍റെ പേരിൽ വോട്ടു തേടിയതായി ഇതിനെ പരിഗണിക്കാൻ കഴിയില്ല. ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നും കമീഷൻ അവലോകനയോഗത്തിൽ വിലയിരുത്തിയതായി 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.
അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും ചട്ടലംഘനം അല്ലെന്ന് കമീഷന്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർധ വളർത്തിയിട്ടില്ലെന്നാണ് കമീഷന്‍റെ നിരീക്ഷണം.
സുപ്രീംകോടതി അഭിഭാഷകൻ ആനന്ദ് എസ്. ജോണ്ടാലെയാണ് പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയത്. ഏപ്രിൽ ഒമ്പതിന് യു.പി പിലിബിത്തിലെ റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.
അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗപരാതിയിൽ ഇതുവരെ കമീഷൻ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ വിദ്വേഷ പ്രചാരണം. കോൺഗ്രസും സി.പി.എമ്മും മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. പരാതികൾ തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചു തുടങ്ങിയതായാണ് വിവരങ്ങൾ.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ച് പ്രചാരണം നടത്തിയ മോദിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മോദിക്കും ബി.ജെ.പിക്കുമെതിരായ പരാതികൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.