മോദിയും ബൈഡനും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ലക്ഷ്യമിടുന്ന വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ബൈഡൻ ന്യൂഡൽഹിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ സംഘത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമുണ്ടായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം എല്ലാ തലങ്ങളിലും വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ മോദിയും ബൈഡനും തങ്ങളുടെ സർക്കാറുകളോട് ആഹ്വാനം ചെയ്തു.

ജി20 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യു.എസ് പ്രസിഡന്റിന് പുറമേ, ബംഗ്ലാദേശ് പ്രധാനമന്ത്രി ​ശൈഖ് ഹസീന, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗനാഥ് എന്നിവരുമായും മോദി വെള്ളിയാഴ്ച രാത്രി ചർച്ച നടത്തി. അടുത്ത മൂന്നുദിവസത്തിനിടെ പ്രധാനമന്ത്രി 15 ഉഭയകക്ഷി യോഗങ്ങളിൽ സംബന്ധിക്കും.

മിക്ക കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരിക്കും. ശനിയാഴ്ച ജി20 ഉച്ചകോടിയിലെ പരിപാടികൾക്കുപുറമെ, പ്രധാനമന്ത്രി യു.കെ, ജപ്പാൻ, ജർമനി, ഇറ്റലി രാഷ്ട്രനേതാക്കളെ കാണും. ഞായറാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ച. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും മോദി ഹ്രസ്വ കൂടിക്കാഴ്ച നടത്തും. തുർക്കിയ, യു.എ.ഇ, ദക്ഷിണ കൊറിയ, ഇ.യു, ബ്രസീൽ, നൈജീരിയ നേതാക്കളെയും അദ്ദേഹം കാണും.

Tags:    
News Summary - PM Modi's Private Dinner For President Biden, Bilateral Talks On India-US Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.