ആ രാജകുമാരൻമാർ തകർത്തഭിനയിച്ച സിനിമ ജനം തള്ളിക്കളയും -രാഹുലിനെയും അഖിലേഷിനെയും പരിഹസിച്ച് മോദി

ന്യൂഡൽഹി: രണ്ട് രാജകുമാരൻമാർ തകർത്തഭിനയിച്ച സിനിമ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിയും രാഹുൽ ഗാന്ധിയുടെ കോൺഗ്രസും തമ്മിലുള്ള സഖ്യത്തെയാണ് പ്രധാനമന്ത്രി പരിഹസിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. സ്വജനപക്ഷപാതവും അഴിമതിയും പ്രീണനവും മാത്രം കൈമുതലുള്ള പ്രതിപക്ഷം തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു.

ഒരിക്കൽ കൂടി ആ രണ്ടു രാജകുമാരൻമാർ തകർത്തഭിനയിച്ച സിനിമ യു.പിയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ യു.പിയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണിത്. എല്ലാതവണയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രീണനക്കാരുടെയും കൊട്ടയും ചുമന്നാണ് ഇക്കൂട്ടർ യു.പിയിലെ ജനങ്ങളോട് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഞങ്ങളുടെ വിശ്വാസ്യതയെ ആക്രമിക്കാൻ അവർക്ക് ഒരർഹതയുമില്ല. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാൻ പോലും കോൺഗ്രസ് സ്ഥാനാർഥികൾ പ്രയാസപ്പെടുകയാണെന്നും മോദി പറഞ്ഞു. പ്രാണപ്രതിഷ്ഠ ചടങ്ങിലെ ക്ഷണം നിരസിച്ചതിനും മോദി കോൺഗ്രസിനെയും സമാജ്‍വാദി പാർട്ടിയെയും വിമർശിച്ചു.

''അയോധ്യയിൽ രാമക്ഷേത്രം പണിതതിന്റെ ഉദ്ഘാടനത്തിൽ പ​ങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസും സമാജ്‍വാദി പാർട്ടിയും നിരസിച്ചു. ഇവർ എല്ലാദിവസവും രാമക്ഷേത്രത്തെയും സനാതന ധർമത്തെയും അപമതിക്കുകയാണ്.'​'-മോദി ആരോപിച്ചു. യു.പിയിൽ 63 സീറ്റുകളിലാണ് സമാജ്‍വാദി പാർട്ടി മത്സരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.