ടെക് സിറ്റിയായ ബംഗളൂരുവിനെ കോൺഗ്രസ് ടാങ്കർ സിറ്റിയാക്കി മാറ്റിയെന്ന് മോദി; മറുപടിയുമായി സിദ്ധരാമയ്യ

ബംഗളൂരു: ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് ബംഗളൂരുവിൽ ജനങ്ങൾ ടാങ്കറുകൾക്ക് പുറകിൽ വരിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ കർണാടക സർക്കാറിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക് സിറ്റിയായിരുന്ന ബംഗളൂരുവിനെ കോൺഗ്രസ് സർക്കാർ ടാങ്കർ സിറ്റിയാക്കിയെന്ന് പ്രധാന മന്ത്രി ആരോപിച്ചു. എന്നാൽ, കർണാടകയിൽ വെള്ളപ്പൊക്കവും വരൾച്ചയും വന്നപ്പോൾ കേന്ദ്രം തിരിഞ്ഞ് നോക്കിയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചു.

കോൺഗ്രസ് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, കൃഷിക്കുള്ള ബജറ്റിൽ നിന്ന് നഗര വികസനത്തിനായി പണമുപയോഗിക്കുകയാണെന്നും മോദി വിമർശിച്ചു. കേന്ദ്ര സർക്കാർ പദ്ധതികൾ മാത്രമാണ് കൃത്യമായി നടക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രി യഥാർഥത്തിൽ കർഷകർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെങ്കിൽ കർഷക സമരം നടക്കില്ലായിരുന്നുവെന്ന് സിദ്ദരാമയ്യ മറുപടി നൽകി.

കർണാടകയിൽ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നതായും മാർക്കറ്റുകളിൽ നിരന്തരം സ്ഫോടനങ്ങൾ നടക്കുന്നതായും ഭക്തിഗാനങ്ങൾ കേൾക്കുന്നതിന്‍റെ പേരിൽ ആക്രമിക്കപ്പെടുന്നതായും മോദി വിമർശിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തിലാണ് മോദി ആരോപണമുന്നയിച്ചത്.

ഏപ്രിൽ 26, മേയ് ഏഴ് തിയ്യതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ പോളിങ് നടക്കുന്നത്. ബംഗളൂരു മേഖലയിലെ എല്ലാ സീറ്റുകളിലും എപ്രിൽ 26ന് പോളിങ് നടക്കും.

Tags:    
News Summary - PM Says Congress Turned "Tech City Into Tanker City", Siddaramaiah Replies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.