ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ ബി.ജെ.പി എം.പി പർവേശ് സിങ്ങിന് പൊലീസിന്‍റെ താക്കീത്. സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതിനുമുൻപ് സംഭവത്തിന്‍റെ നിജസ്ഥിതി ഉറപ്പുവരുത്തണെന്ന് പൊലീസ് വെസ്റ്റ് ഡൽഹി എം.പിയോട് ആവശ്യപ്പെട്ടു.
ലോക്ഡൗണിനിടയിലും നിയന്ത്രണങ്ങൾ ലംഘിച്ചും സാമൂഹ്യഅകലം പാലിക്കാതെയും മുസ്ലിംകൾ നമസ്ക്കരിക്കുന്നുണ്ടെന്നാണ് എം.പിയുടെ പോസ്റ്റിൽ പറയുന്നത്. "ഈ മഹാമാരിക്കിടയിലും ഇത്തരത്തിൽ പ്രവർത്തിക്കാൻ ഏതെങ്കിലും മതം അനുവദിക്കാമോ?" എന്ന് ട്വിറ്ററിലൂടെ എം.പി ചോദിക്കുന്നു.
മൗലവിമാരുടെ ശമ്പളം വർധിപ്പിച്ച അരവിന്ദ് കെജ് രിവാളിന്‍റെ തീരുമാനത്തേയും പരിഹസിച്ചുകൊണ്ടാണ് ട്വീറ്റ്.
"ഇതെല്ലാം കള്ളമാണ്. പഴയൊരു വിഡിയോയാണ് അപവാദപ്രചരരണത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വാർത്ത് പോസ്റ്റ് ചെയ്യുന്നതിനുമുൻപ് സത്യമാണോ എന്ന് ഉറപ്പുവരുത്തൂ" എന്ന് ഈസ്റ്റ് ഡൽഹി ഡി.സി.പി എം.പിയുടെ ട്വീറ്റിന് മറുപടി നൽകിയതോടെ പർവേശ് സിങ് ട്വീറ്റ് പിൻവലിച്ചു.
മഹാമാരിയുടെ സമയം പോലും വിദ്വേഷം പരത്താനും അപവാദ പ്രചരണത്തിനും വേണ്ടി സമയം ചിലവഴിച്ച് ബി.ജെ.പി നേതാക്കൾ സ്വയം പരിഹാസ്യരാവുകയാണെന്ന് എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.
ആരോ അയച്ചുതന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും വിശ്വാസ്യതയില്ലെന്ന് മനസ്സിലായതോടെയാണ് പിൻവലിച്ചതെന്നും എം.പി പിന്നീട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.