ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിൽ പങ്കെടുത്ത പ്രതികൾ കത്തിച്ചുകളഞ്ഞ മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽനിന്ന് കണ്ടെടുത്തെന്ന് പൊലീസ്.
പ്രതികളുടെ വസ്ത്രങ്ങളും പാദരക്ഷകളും കണ്ടെടുത്തെന്നും കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്പെഷൽ സെൽ അറിയിച്ചു.
ബി.ജെ.പി എം.പി പ്രതാപ് സിംഹ നൽകിയ പാസുമായി ലോക്സഭാ ഗാലറിയിൽ എത്തി എം.പിമാർക്കിടയിലേക്ക് ചാടി പുകത്തോക്ക് പൊട്ടിച്ച ഉത്തർപ്രദേശിലെ സാഗർ ശർമ, കർണാടകയിലെ മനോരഞ്ജൻ, പാർലമെന്റിന് പുറത്ത് പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധിച്ച അമോൾ ഷിൻഡെ, നീലം ആസാദ് എന്നിവരുടെ മൊബൈൽ ഫോണുകളുമായി കേസിലെ സൂത്രധാരനായ ലളിത് ഝാ രാജസ്ഥാനിലേക്ക് മുങ്ങിയെന്നും രണ്ടുദിവസം കഴിഞ്ഞ് കീഴടങ്ങിയെന്നുമാണ് പൊലീസ് പറഞ്ഞത്.
രാജസ്ഥാനിലെ കച്ചാമനിലേക്ക് പോയ ലളിത് ഝാ സുഹൃത്ത് മഹേഷ് കുമാവതുമായി ചേർന്ന് കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണുകൾ കത്തിച്ചുകളഞ്ഞെന്നും ഇതിന് മുമ്പ് ഫോണിലുള്ള ഡാറ്റ നീക്കം ചെയ്തിരുന്നെന്നും ഡൽഹി പൊലീസ് പറഞ്ഞിരുന്നു.
മഹേഷാണ് രാജസ്ഥാനിൽ ലളിത് ഝാക്ക് തങ്ങാൻ മുറിയൊരുക്കിയത്.
2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22ാം വാർഷിക ദിനമായ ഡിസംബർ 13നായിരുന്നു രാജ്യത്തെ നടുക്കിയ പാർലമെന്റ് അതിക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.