ന്യൂഡല്‍ഹി: ഒക്ടോബർ ഒന്നിന് നിശ്ചയിച്ചിരുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. ബിഷ്‍ണോയി സമുദായത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്ത് അഖിലേന്ത്യ ബിഷ്‍ണോയി മഹാസഭയുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ഒക്ടോബർ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു- കശ്മീരിലെ വോട്ടെണ്ണലും ഒക്ടോബർ എട്ടിലേക്ക് മാറ്റി.
വോട്ടെടുപ്പ് നിശ്ചയിച്ച ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്നിലും പിന്നിലും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബി.ജെ.പി പേടിച്ചിരിക്കുകയാണെന്നും അതിനാലാണ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായും ഹരിയാനയിൽ ഒറ്റ ഘട്ടമായുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ ജമ്മു കശ്മീരിലും പുതുക്കിയ തീയതി പ്രകാരം ഒക്ടോബർ അഞ്ചിന് ഹരിയാനയിലും 90 വീതം നിയമസഭ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.
ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.