ന്യൂഡൽഹി: കങ്കണ റണാവത്ത് നായികയാവുന്ന തലൈവിക്കെതിരെ പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ. യഥാർഥ്യവുമായി ബന്ധമില്ലാത്ത ചില രംഗങ്ങൾ സിനിമയിലുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം സീനുകൾ ഒഴിവാക്കണമെന്ന് തമിഴ്നാട് മുൻ മന്ത്രിയും പാർട്ടി നേതാവുമായ ഡി.ജയകുമാർ ആവശ്യപ്പെട്ടു.
അണ്ണാദുരെയുടെ നേതൃത്വത്തിലുളള ആദ്യത്തെ ഡി.എം.കെ മന്ത്രിസഭയിൽ എം.ജി.ആർ മന്ത്രിയാവാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാൽ, കരുണാനിധി അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് തടയിട്ടുവെന്നും സിനിമയിൽ പറയുന്നുണ്ട്. പക്ഷേ ഒരിക്കലും എം.ജി.ആർ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നില്ല. അണ്ണാദുരെ മന്ത്രിയാകാൻ ക്ഷണിച്ചപ്പോഴും അത് നിരസിക്കുകയാണ് എം.ജി.ആർ ചെയ്തതെന്ന് ജയകുമാർ പറഞ്ഞു.
അണ്ണാദുരെയുടെ മരണത്തിന് ശേഷം എം.ജി.ആറാണ് കരുണാനിധിയെ മുഖ്യമന്ത്രിയായി നിർദേശിക്കുന്നത്. പിന്നീട് 1972ൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. അതുപോലെ എം.ജി.ആർ അറിയാതെ ജയലളിത ഇന്ദിരാഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും ബന്ധം പുലർത്തിയിരുന്നുവെന്ന പരാമർശവും തെറ്റാണെന്ന് ജയകുമാർ പറയുന്നു. ഈ സീനുകൾ കൂടി ഒഴിവാക്കിയാൽ സിനിമ വൻ വിജയമാവുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.