‘ദാന’ ചുഴലിക്കാറ്റ്; അര ലക്ഷം വീടുകളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല -ഒഡിഷ മുഖ്യമന്ത്രി

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് താണ്ഡവമാടിയ ജില്ലകളിലെ 50,000 ത്തോളം വീടുകളിൽ ഇതുവരെ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മജ്ഹി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയെന്നും റോഡുകളിലെ തടസ്സങ്ങൾ നീക്കിയെന്നും ചുഴലിക്കാറ്റിനു ശേഷമുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മജ്ഹി പറഞ്ഞു.

ചുഴലിക്കാറ്റ് ബാധിച്ച 22.84 ലക്ഷം വീടുകളിൽ 22.32 ലക്ഷത്തിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. കേന്ദ്രപാര, ഭദ്രക്, ബാലസോർ ജില്ലകളിലെ 50,000 ത്തോളം വീടുകളിൽ ഗ്രാമങ്ങൾ വിജനമായതിനാൽ ഇതുവരെ വൈദ്യുതി വിതരണം പഴയപടിയായില്ല. ഏകദേശം 7,000 തൊഴിലാളികൾ ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. അവർ കഠിന പരിശ്രമത്തിലാണ്. എട്ടു ലക്ഷത്തിലധികം ആളുകളെ 6,210 അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായതിനെ തുടർന്ന് ഇവരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു.

വീടുകൾ വെള്ളത്തിനടിയിലായതിനാൽ 30,000ത്തോളം പേർ ഇപ്പോഴും 470 അഭയകേന്ദ്രങ്ങളിലാണ്. ബാലസോർ, ഭദ്രക്, കേന്ദ്രപാര, ജാജ്പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിലെ 12 ബ്ലോക്കുകളിലും 4,100 വില്ലേജുകളിലുമായി 2.21 ലക്ഷം ഏക്കർ  കൃഷി നശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രദേശങ്ങളിലെ ജലനിരപ്പ് താഴ്ന്നാൽ നിലം പരിശോധിച്ച ശേഷം വിശദമായ നാശനഷ്ടം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ രണ്ടിനകം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ജില്ല കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകും. ബുധ ബലംഗ നദിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല. മയൂർഭഞ്ച്, ബാലസോർ, ഭദ്രക് ജില്ലകളിലെ മഴ ബാധിത പ്രദേശങ്ങളിൽ തിങ്കളാഴ്ച വീണ്ടും വ്യോമനിരീക്ഷണം നടത്തുമെന്നും മജ്ഹി പറഞ്ഞു.

ജഗത്സിംഗ്പൂർ ജില്ലയിലെ പാരദീപി​ന്‍റെ തീരപ്രദേശങ്ങളിലും കേന്ദ്രപാര ജില്ലയിലെ മഹാകലപദ, രാജ് നഗർ, രാജ് കനിക മേഖലകളിലും ഭദ്രക് ജില്ലയിലെ ചന്ദ്ബാലി മേഖലയിലും മുഖ്യമന്ത്രി ഞായറാഴ്ച  ഉച്ചയോടെ വ്യോമനിരീക്ഷണം നടത്തിയിരുന്നു.

Tags:    
News Summary - Power supply yet to be restored in 50,000 households in cyclone Dana-hit area -Odisha CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.