ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റോഡുകൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട വീതിയിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. കേരളംപോലെ ഭൂമിലഭ്യത കുറഞ്ഞ സംസ്ഥാനങ്ങളിൽ വീതിയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരപ്പായ ഇടങ്ങളിൽ ഏഴര മീറ്ററും കയറ്റമുള്ള റോഡുകൾക്ക് ആറു മീറ്ററും എന്ന നിയമം വിവിധ കോഡുകൾപ്രകാരം രൂപപ്പെടുത്തിയതാണെന്നും ഇത് സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു.
2006ലെ പരിസ്ഥിതി നയം പുതുക്കാൻ ആലോചനയില്ലെന്ന് സമദാനിയുടെ മറ്റൊരു ചോദ്യത്തിന് വനം, പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ വ്യക്തമാക്കി. ആഗോള തലത്തിലെ മികച്ച മാതൃകകൾക്കും വിപുലമായ കൂടിയാലോചനകൾക്കുംശേഷം രൂപപ്പെടുത്തിയ നയമാണെന്നും സുസ്ഥിര വികസനത്തിനാവശ്യമായ നിർദേശങ്ങൾ നയത്തിന്റെ അടിസ്ഥാനത്തിൽ സമയാസമയങ്ങളിൽ സർക്കാർ നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.