കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം പടരുമ്പോഴും വിവാദ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട്. ദ്വീപ് നിവാസികളായ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയാറാക്കാൻ വകുപ്പുകൾക്ക് സർക്കുലർ നൽകിയിരിക്കുകയാണ് അധികൃതർ. സ്വദേശികളായ സർക്കാർ സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കരാർ ജോലി ചെയ്തിരുന്ന ദ്വീപുനിവാസികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിറകെയാണ് സർക്കാർ ജോലികളിൽ പുതിയ പരിഷ്കാരം. മേയ് 20നാണ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറി വിവിധ ഓഫിസുകളിലേക്ക് കത്തയച്ചത്. കാര്യക്ഷമതയില്ലാത്തവരെ കണ്ടെത്തണമെന്ന് പറയുമ്പോൾ അതിെൻറ മാനദണ്ഡം സർക്കുലറിൽ വ്യക്തമാക്കുന്നുമില്ല. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നവരല്ലാത്ത ദ്വീപ് നിവാസികളെ ഔദ്യോഗിക പദവികളിൽനിന്ന് മാറ്റി സംഘ്പരിവാർ അജണ്ടകൾ എളുപ്പത്തിൽ നടപ്പാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് വ്യക്തം. എല്ലാ നിയമനരീതികളും പുനഃപരിശോധിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ പൊതു സമിതിയാണ് ലക്ഷദ്വീപിൽ ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതുപരീക്ഷയും അഭിമുഖവും അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയായിരുന്നു നിയമനം. സമിതികളിൽ ദ്വീപ് സ്വദേശികളായ വിദഗ്ധരുമുണ്ടായിരുന്നു. ഈ സമിതികളെ ആദ്യംതന്നെ റദ്ദാക്കി ദ്വീപ് സ്റ്റാഫ് സെലക്ഷൻ ബോർഡ് കൊണ്ടുവന്നിട്ടുണ്ട്.
എന്നാൽ, ഈ കമ്മിറ്റിയിൽ ദ്വീപ് നിവാസികളോ ജനപ്രതിനിധികളോ ഇല്ല. ഇതെല്ലാം തനിക്ക് വേണ്ടപ്പെട്ടവരെ വിവിധ വകുപ്പുകളിൽ തിരുകിക്കയറ്റി താൽപര്യങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. പ്രശ്നത്തിൽ പരസ്യപ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ഭാവിതലമുറയുടെ പ്രതീക്ഷകൾ കൂടിയാണ് ഇല്ലാതാക്കുന്നതെന്ന് ദ്വീപിലെ വിവിധ സംഘടന നേതാക്കൾ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൈക്കൊള്ളേണ്ട നടപടികൾ ആലോചിക്കാൻ ഓൺലൈനിൽ വ്യാഴാഴ്ച സർവകക്ഷി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.