ബംഗളൂരു: ലൈംഗികാതിക്രമ ആരോപണം ശക്തമാകുന്നതിനിടെ സത്യം വിജയിക്കുമെന്ന പരാമർശവുമായി ഹാസൻ എം.പിയും, ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ ലോക്സഭ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ. രേവണ്ണക്കെതിരായ കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ രേവണ്ണ രാജ്യം വിട്ടിരുന്നു. അന്വേഷണത്തെ നേരിടാൻ താൻ ബംഗളൂരുവിൽ ഇല്ലെന്നും ബംഗളൂരു സി.ഐ.ഡിയുമായി വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും രേവണ്ണ പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് കൈമാറിയിരുന്നു. ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്. രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകൾ ഉൾപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പാചകക്കാരിയുടെ പരാതിയിലെ കേസിൽ സമൻസ് അയച്ചിരിക്കുന്നത്.
ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകൾ ഹാസനിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
പ്രജ്വലിൻറെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കൾ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിൻറെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനിൽ ജെ.ഡി.എസിന് സീറ്റ് നൽകിയാൽ തിരിച്ചടിയാകുമെന്നും 2023 ഡിസംബർ എട്ടിന് കർണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാർട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.
രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.