ന്യൂഡൽഹി: രാജ്യത്ത് വാക്സിനുകൾക്ക് അനുമതി നൽകിയ കൂട്ടത്തിൽ കോവാക്സിനും അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കോവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാൽ ഇത് അപകടകരമാണെന്നും അദ്ദേഹം ട്വിറ്ററിൽ മുന്നറിയിപ്പ് നൽകി.
കോവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ ഇപ്പോൾ അംഗീകാരം നൽകിയത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ദയവായി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. മുഴുവൻ പരീക്ഷയും പൂർത്തിയാകുന്നതുവരെ ഇതിൻെറ ഉപയോഗം ഒഴിവാക്കണം. അതേസമയം അസ്ട്ര സെനക വാക്സിൻ ആരംഭിക്കുകയുമാകാം -തരൂർ ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് തരൂർ വിമർശനവുമായി രംഗത്തെത്തിയത്. രണ്ട് വാക്സിനുകളുടെയും പരീക്ഷണ ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയതായും അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിന് അനുമതി നൽകുകയാണെന്നുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സൊമാനി വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പരീക്ഷണ ഘട്ടങ്ങൾ പൂർണമായും പൂർത്തിയാക്കാതെയാണ് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാരോപിച്ച് വിമർശനമുയരുകയാണ്. തരൂരിനെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
ഓക്സ്ഫോർഡ് സർവകലാശലയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ. കോവാക്സിൻ ഒരു കോടി ഡോസുകള്‍ ഉപയോഗത്തിന് തയാറായതായി നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് അറിയിച്ചിരുന്നു. കോവാക്സിന്‍റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്.
ആരോഗ്യപ്രവർത്തകരുൾപ്പടെ മൂന്ന് കോടി കോവിഡ് മുന്നണിപ്പോരാളികൾക്കാണ് വാക്സിൻ ആദ്യഘട്ടത്തിൽ ലഭ്യമാക്കുകയെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.