നിജ്ജാർ വധം: ഇന്ത്യ ഇടപെട്ടതിന്‍റെ തെളിവുകൾ ട്രൂഡോ പുറത്തുവിടണം -കനേഡിയൻ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ പ്രതികരണവുമായി കനേഡിയൻ പ്രതിപക്ഷ നേതാവ് പിയർ പൊലീവ്. ട്രൂഡോയുടെ ആരോപണങ്ങൾക്ക് വിശ്വാസീയത വരണമെങ്കിൽ മുഴുവൻ തെളിവുകളും പുറത്തുവരണമെന്ന് പിയർ പൊലീവ് വ്യക്തമാക്കി.

പ്രധാനമന്ത്രി എല്ലാ വസ്‌തുതകളും മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ ആരോപണത്സത്തിൽ കനേഡിയൻ പൗരന്മാർക്ക് അന്തിമ തീരുമാനത്തിലെത്താൻ മുഴുവൻ തെളിവുകളെ കുറിച്ച് അറിയേണ്ടതുണ്ടെന്നും പിയർ പൊലീവ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ആരോപണത്തിന്‍റെ തെളിവുകളൊന്നും നൽകിയിട്ടില്ല. അദ്ദേഹം ഒരു പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തത്. കനേഡിയൻ ജനതയോട് പരസ്യമായി പറഞ്ഞതിൽ കൂടുതലൊന്നും പ്രധാനമന്ത്രി തന്നോട് സ്വകാര്യമായി പറഞ്ഞിട്ടില്ല. അതിനാൽ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാറിന്‍റെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തലാണ് ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ നടത്തിയത്. ആരോപണത്തിനു പിന്നാലെ രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്. സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ വെടിയേറ്റ് അതിഗുരുതരാവസ്ഥയിൽ കണ്ട നിജ്ജാർ പിന്നീട് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായി ആരെയും പിടികൂടാനായിരുന്നില്ല.

ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ കാനഡയിലെ പ്രമുഖ ഖലിസ്ഥാൻ നേതാവുമായിരുന്നു. കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു.

ഇന്ത്യക്കെതിരായ ആരോപണം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സൂനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി ട്രൂഡോ സംസാരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 2020ൽ ഭീകരനായി പ്രഖ്യാപിച്ച് യു.എ.പി.എ ചുമത്തിയ നിജ്ജാറിന്റെ ഇന്ത്യയിലെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. 2016ൽ ഇന്റർപോൾ നിജ്ജാറിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ ആവശ്യം ശക്തമാക്കിയിരുന്നെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖുകാർ കഴിയുന്ന രാജ്യമാണ് കാനഡ. 

Tags:    
News Summary - Prime Minister should come clean with all facts”: Canada Opposition leader on Trudeau’s ‘allegations’ against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.