ലഖ്നോ: വാരണാസിയിൽ ചെന്ന് ആയിരങ്ങളെ സാക്ഷിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങൾകൊണ്ട് ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഭരണകക്ഷി നേതാക്കളും അവരുടെ ഉറ്റമിത്രങ്ങളായ കോടിപതികൾക്കും മാത്രമേ രാജ്യത്ത് സുരക്ഷയുള്ളൂവെന്ന് അവർ കുറ്റപ്പെടുത്തി. തനിക്കായി രണ്ട് വിമാനങ്ങള്‍ 16,000 കോടി നല്‍കി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടിക്ക് എയര്‍ ഇന്ത്യയെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും ചെയ്‌തുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.
ഈ വില്‍പനയില്‍ നിന്നുതന്നെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും -പ്രിയങ്ക പറഞ്ഞു. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
നാലു കർഷകരെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതിയെ രക്ഷിക്കാനാണ് സർക്കാർ ശ്രമം. ഞാൻ ലഖിംപുർ ഖേരിയിൽ പോകാൻ ശ്രമിച്ചപ്പോൾ വഴിയിൽ എല്ലാ ഭാഗത്തും പൊലീസ് വലയം ഉണ്ടായിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ ഒരാളും ഉണ്ടായില്ല. ഏതെങ്കിലും രാജ്യത്ത് പൊലീസ് കുറ്റവാളിയെ ക്ഷണിക്കുന്നത് കണ്ടിട്ടുണ്ടോ? -പ്രിയങ്ക ചോദിച്ചു.
ഈ സർക്കാർ വന്നശേഷമുള്ള ഏഴു വർഷം, നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയുണ്ടോ, തൊഴിലില്ലാതായില്ലേ, വരുമാനം നിലച്ചില്ലേ..കർഷകർ, ദലിതർ, സ്ത്രീകൾ എല്ലാവരും അധിക്ഷേപത്തിന് പാത്രമായില്ലേ?.. ഏത് മതത്തിലോ ജാതിയിലോ പെട്ടതാണെങ്കിലും ഒട്ടും സുരക്ഷിതരല്ല എന്ന് അവർ ഓർമിപ്പിച്ചു. രാജ്യമൊട്ടുക്കും വിദേശത്തും പറന്ന് നടക്കുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹത്തിെൻറ വീട്ടിൽനിന്ന് പത്തു മിനിറ്റ് സഞ്ചരിച്ചാൽ എത്തുന്നിടത്ത് സമരം ചെയ്യുന്ന കർഷകരുമായി പത്തു മിനിറ്റ് സംസാരിക്കാൻ സമയമില്ലത്രേ -പ്രിയങ്ക വിമർശിച്ചു. അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കരുത്തുതെളിയിക്കുന്ന റാലിക്കാണ് പ്രിയങ്ക തുടക്കമിട്ടതെന്ന് പാർട്ടി വക്താവ് അശോക് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.