ന്യൂഡൽഹി: യു.പിയിൽ സമാജ്വാദി പാർട്ടി-കോൺഗ്രസ് സഖ്യം ഉറപ്പിക്കാൻ മുന്നിട്ടിറങ്ങിയത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി പ്രിയങ്ക നടത്തിയ ഫോൺ സംഭാഷണത്തോടെയാണ് സീറ്റ് പങ്കിടലിൽ വിട്ടുവീഴ്ച ഉണ്ടായത്. തൊട്ടുപിന്നാലെ സോണിയ ഗാന്ധിയും അഖിലേഷുമായി സംസാരിച്ചു. രാഹുൽ ഗാന്ധിയുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഇത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ സാധിച്ചത്. 17 സീറ്റുവരെ നൽകാമെന്ന് അറിയിച്ച സമാജ്വാദി പാർട്ടിയുമായി ശ്രാവസ്തി സീറ്റുകൂടി കിട്ടണമെന്ന് കോൺഗ്രസ് വാദിച്ചു നോക്കിയിരുന്നു. സംസ്ഥാന കോൺഗ്രസ് നേതാക്കൾ കൂടുതൽ വിട്ടുവീഴ്ചക്ക് തയാറായില്ല. സഖ്യം മുന്നോട്ടുനീക്കാൻ ആ സീറ്റ് എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം പ്രിയങ്ക-അഖിലേഷ് സംഭാഷണത്തിൽ ഉണ്ടായി.
ജയസാധ്യതയുള്ള ചില മണ്ഡലങ്ങൾ കിട്ടണമെന്ന ആവശ്യത്തിലും നീക്കുപോക്കുകൾ ഉണ്ടായി. യുക്തിരഹിതമായ ആവശ്യങ്ങൾ ഉയർത്തുന്നതിലെ അപകടം പ്രിയങ്ക സംസ്ഥാന കോൺഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തി. സഖ്യം രൂപപ്പെടുത്താൻ സാധിച്ചത് കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും മാത്രമല്ല, ഇൻഡ്യ മുന്നണിക്കുതന്നെ വലിയ ആശ്വാസമാണ്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് നീങ്ങാനാണ് തീരുമാനിച്ചത്. ബിഹാറിൽ ജെ.ഡി.യുവും യു.പിയിൽ ആർ.എൽ.ഡിയും ബി.ജെ.പിക്കൊപ്പം പോയതും ഇൻഡ്യ കക്ഷികളെ ഏറെ നിരാശരാക്കിയിരുന്നു. ആർ.എൽ.ഡിക്ക് ഏഴ് സീറ്റ് നൽകാമെന്ന് എസ്.പി ധാരണ രൂപപ്പെടുത്തിയിരുന്നു. അതിനു ശേഷമായിരുന്നു ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആർ.എൽ.ഡി മലക്കംമറിഞ്ഞത്.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്.പി ഉടക്കുണ്ടായത് ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യശ്രമങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും രണ്ടു പാർട്ടികൾക്കും സാധിച്ചു. മധ്യപ്രദേശിലെ ഖജുരാഹോ മണ്ഡലത്തിൽ മാത്രം മത്സരിച്ച് ബാക്കി 28 സീറ്റിലും കോൺഗ്രസിനെ പിന്തുണക്കാനാണ് സമാജ്വാദി പാർട്ടി തീരുമാനം.
യു.പിയിൽ ചെറുകക്ഷികൾക്ക് സീറ്റ് നൽകേണ്ടതുണ്ടെങ്കിൽ അത് സമാജ്വാദി പാർട്ടിയുടെ ക്വോട്ടയായ 63 സീറ്റിൽനിന്ന് നൽകാനും ധാരണയായിട്ടുണ്ട്. 2014ൽ യു.പിയിലെ 80ൽ 71 സീറ്റ് പിടിക്കാൻ സാധിച്ച ബി.ജെ.പിയുടെ സീറ്റെണ്ണം 2019 എത്തിയപ്പോൾ 62 സീറ്റായി കുറഞ്ഞു. ഒന്നിച്ചുനിൽക്കുന്നതിലൂടെ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്താമെന്നാണ് എസ്.പി-കോൺഗ്രസ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.