ന്യൂഡൽഹി: തന്‍റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം അഡ്വാൻസ്ഡ് സൈബർ ക്രൈം യൂണിറ്റ് അന്വേഷിക്കും. സംഭവത്തിൽ പ്രിയങ്ക ഗാന്ധി ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. എങ്കിലും ആരോപണം സ്വന്തം നിലയിൽ അന്വേഷിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (സി.ഇ.ആർ.ടി-ഇൻ) പ്രിയങ്കയുടെ ആരോപണം പരിശോധിക്കുക. ഹാക്കർമാരെ കണ്ടെത്താനും സൈബർ ആക്രമണം തടയുന്നതിനുമുള്ള നൂതന ലാബ് സി.ഇ.ആർ.ടി-ഇൻ പ്രവർത്തിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള റെയ്ഡുകളെ കുറിച്ചും നിയമവിരുദ്ധമായ ഫോൺ ചോർത്തൽ വിവാദത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് തന്‍റെ മക്കളെ സർക്കാർ സമൂഹ മാധ്യമങ്ങളിൽ വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
"ഫോൺ ചോർത്തൽ പോട്ടെ, എന്‍റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ അവർ ഹാക്ക് ചെയ്യുന്നു, അവർക്ക് വേറെ പണിയൊന്നുമില്ലേ?" -പ്രിയങ്ക ചോദിച്ചു.
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്െവയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
2019 നവംബർ മുതൽ പ്രിയങ്ക ഗാന്ധി ഉൾപ്പടെ മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ഹാക്ക് ചെയ്തെന്ന കോൺഗ്രസ്സ് ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ച പെഗസസ് കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.