ന്യൂഡൽഹി: ഇന്ത്യക്കാരുടെ വിദേശത്തെ ആസ്തികളും കള്ളപ്പണ നിക്ഷേപവും അന്വേഷിക്കാൻ ആദായ നികുതി വകുപ്പ് പ്രത്യേക യൂനിറ്റ് രൂപവത്കരിച്ചു. ആദായ നികുതി വകുപ്പിെൻറ 14 അന്വേഷണ ഡയറക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന ഫോറിൻ അസറ്റ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റിന് (എഫ്.എ.ഐ.യു) കീഴിലാണ് കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തിന് രൂപം നൽകിയത്.
നിലവിൽ നികുതി വെട്ടിപ്പ് കണ്ടെത്താൻ പരിശോധനക്കും ജപ്തി നടപടികൾക്കും ആവശ്യമായ പ്രാഥമിക നടപടികൾ മാത്രമാണ് എഫ്.എ.ഐ.യു ഏറ്റെടുത്തു വരുന്നത്. എന്നാൽ, ഇന്ത്യക്കാർ കൈവശം വെച്ചു വരുന്ന വിദേശ ആസ്തികളുമായി ബന്ധപ്പെട്ട കേസുകളിലും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് പുതിയ സംഘത്തിെൻറ ചുമതല. അടുത്തിടെ ചോർന്ന പാനമ രേഖകളിൽ നിരവധി സ്ഥാപനങ്ങളുടെ വിദേശ നിക്ഷേപങ്ങളെ കുറിച്ച് പരാമർശമുണ്ടായിരുന്നു. അത്തരം സ്ഥാപനങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കുെമന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ നവംബറിൽ ധനമന്ത്രി നിർമല സീതാരാമൻ പുതിയ അന്വേഷണ യൂനിറ്റിന് അനുമതി നൽകിയതിന് പിന്നാലെ 69 തസ്തികകൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) നീക്കിവെച്ചിരുന്നു. നിലവിൽ രാജ്യങ്ങളുമായി ഒപ്പുവെച്ച കരാറുകളുടെ പിൻബലത്തിൽ വിദേശത്ത് ആസ്തികൾ കൈവശം വെക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ആഗോള തലത്തിൽ വിവരങ്ങൾ കൈമാറുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.