‘നിങ്ങളുമായുള്ള ബന്ധത്തി​ന്‍റെ ആഴമേറ്റുമെന്ന് സഹോദര​ന് ഞാൻ ഉറപ്പു നൽകി’; വയനാട്ടുകാർക്ക് തുറന്ന കത്തുമായി പ്രിയങ്ക

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ ഏറ്റുവാങ്ങിയ സ്നേഹ സ്വീകരണങ്ങൾക്കുപിന്നാലെ വയനാട്ടുകാർക്ക് ഹൃദയസ്പർശിയായ തുറന്ന കത്തെഴു​തി ​കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ത​ന്‍റെ സഹോദരനും മുൻ വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ഉണ്ടാക്കിയ ബന്ധം കൂടുതൽ ആഴമുള്ളതാക്കാൻ  പരിശ്രമിക്കുമെന്നും വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രിയങ്ക ഉറപ്പു നൽകി.

വയനാട്ടുകാരുമായി അടുത്ത് പ്രവർത്തിക്കുമെന്നും അവരുടെ വെല്ലുവിളികൾ നേരിടാൻ സഹായിക്കുമെന്നും പറഞ്ഞ പ്രിയങ്ക സ്ത്രീകളും ആദിവാസികളും കർഷകരും നേരിടുന്ന വെല്ലുവിളികളെ എടുത്തു പരാമർശിച്ചു. നവംബർ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തന്നെ എം.പിയായി തെരഞ്ഞെടുക്കാൻ ജനങ്ങളോട് അഭ്യർഥിച്ച അവർ അധികാരത്തിലെത്തിയാൽ വയനാട്ടിലെ ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ത​ന്‍റെ ആദ്യ യാത്രയായിരിക്കും ഇതെന്നും എന്നാൽ, ഒരു പൊതുജന പോരാളി എന്ന നിലയിലുള്ള ത​ന്‍റെ ആദ്യ യാത്രയാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. 276 പേരെങ്കിലും മരിക്കുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ഉരുൾപ്പൊട്ടൽ ദുരന്തത്തിനുശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ പരാമർശിച്ച് ജില്ലയിലെ ജനങ്ങളുടെ ‘ധീരമായ മനോഭാവത്തെ’ പ്രിയങ്ക പ്രശംസിച്ചു.

പ്രിയങ്കയുടെ കത്തിലെ വരികൾ:

‘ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ എ​ന്‍റെ സഹോദരനോടൊപ്പം ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും യാത്ര ചെയ്തു. ഉരുൾപൊട്ടലുണ്ടാക്കിയ നാശവും നിങ്ങൾ അനുഭവിച്ച നഷ്ടത്തി​ന്‍റെ ആഴവും ഞാൻ നേരിൽ കണ്ടു. സ്നേഹിച്ച എല്ലാവരെയും നഷ്ടപ്പെട്ട കുട്ടികളെയും, മക്കളെയോർത്ത് സങ്കടപ്പെടുന്ന അമ്മമാരെയും, പ്രകൃതിയുടെ രോഷത്തിൽ ജീവിതം മുഴുവൻ ഒലിച്ചുപോയ കുടുംബങ്ങളെയും കണ്ടുമുട്ടി. എന്നിട്ടും, നിങ്ങൾക്ക് സംഭവിച്ച ദുരന്തത്തി​ന്‍റെ ഇരുളിലും എ​ന്‍റെ മുന്നിൽ തെളിഞ്ഞത് ഒരു സമൂഹമെന്ന നിലയിൽ നിങ്ങളുടെ അപാരമായ ധൈര്യവും മനക്കരുത്തുമായിരുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ നിങ്ങൾ ഒരുമിച്ച് അണിനിരന്നു. ഡോക്‌ടർമാർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, നഴ്‌സുമാർ, വീട്ടമ്മമാർ തുടങ്ങി എല്ലാവരും പരസ്‌പരം സഹായിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്‌തു. ആരും കുറ്റപ്പെടുത്തുകയോ വിദ്വേഷം പുലർത്തുകയോ ചെയ്തില്ല. അവഗണനയോ അത്യാഗ്രഹമോ കാണിച്ചില്ല. അതിശക്തമായ ഒരു ദുരന്തത്തി​ന്‍റെ നിസ്സഹായാവസ്ഥയിലും നിങ്ങൾ സഹകരിച്ച് പരസ്പരം സാന്ത്വനപ്പെടുത്തി മാനവികതയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നു. നിങ്ങളുടെ ആ ധീരത എന്നെ ആഴത്തിൽതന്നെ സ്പർശിച്ചു.

മടങ്ങുമ്പോൾ നിങ്ങളെ പാർലമെന്‍റിൽ പ്രതിനിധീകരിക്കുക എന്നത് ഒരു ബഹുമതിയായി എനിക്ക് തോന്നി. നിങ്ങളിൽനിന്ന് പഠിക്കാനും നിങ്ങളുടെ ജീവിതവും നിങ്ങൾ നേരിടുന്ന വെല്ലുവിളികളും മനസ്സിലാക്കാനും പരസ്പരം ബഹുമാനിക്കാനും ഏറ്റവും പ്രയാസകരമായ സമയങ്ങളിൽപോലും തലയുയർത്തി നിൽക്കാനും അറിയാവുന്ന ഈ ധീര സമൂഹത്തി​ന്‍റെ ഭാഗമാകുന്നത് ഒരു ബഹുമതിയാണ്. എ​ന്‍റെ സഹോദരന് നിങ്ങൾ സ്നേഹം നൽകി. അദ്ദേഹം അത് പൂർണമായും തിരിച്ചുനൽകുമെന്ന് എനിക്കറിയാം. അഭിമാനവും സങ്കടവും കലർന്ന മനസ്സോടെയാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. നിങ്ങളെ വിട്ടുപോകേണ്ടി വന്നതി​ന്‍റെ ദുഃഖം അദ്ദേഹത്തിനുണ്ടായിരിക്കെ, നിങ്ങളുടെ മൂല്യങ്ങളിലും സംസ്‌കാരത്തിലും അദ്ദേഹവുമായുള്ള ആത്മാർത്ഥവും ആഴവുമേറിയ ബന്ധത്തിലും ഞാൻ അഭിമാനിക്കുന്നു.

ആ ബന്ധം ഇവിടെയുള്ള എ​ന്‍റെ ജോലി കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും നിങ്ങൾക്കുവേണ്ടി പോരാടാനും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പാർലമെന്‍റിൽ പ്രതിനിധീകരിക്കാനും ആവുന്നതെല്ലാം ചെയ്യുമെന്നും ഞാൻ അദ്ദേഹത്തിന് വാഗ്ദാനം നൽകിയിട്ടുണ്ട്. നിങ്ങളുടെ സമരങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് വിവരിക്കുകയും വയനാട്ടിലെ ശ്രദ്ധയും പരിഹാരവും ആവശ്യമുള്ള നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് വിശദീകരിച്ചു തരികയും ചെയ്തു. കർഷകരും ആദിവാസി സമൂഹങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം പ്രത്യേകം ശ്രദ്ധാലുവായിരുന്നു. ഈ വെല്ലുവിളികളെയൊക്കെ നേരിടാൻ നിങ്ങളുമായി അടുത്ത് പ്രവർത്തിക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ഭാവി ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എ​ന്‍റെ സഹോദരിമാരാണ് എനിക്ക് ഏറ്റവും പ്രധാനം. സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ടതി​ന്‍റെ ആവശ്യകതയെക്കുറിച്ചും അവർക്ക് അവരുടെ ജീവിതം സ്വയം നയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ഞാൻ ആഴത്തിൽ ചിന്തിക്കുന്നു. അതിമനോഹരമായ പ്രകൃതി ഭംഗിയും എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളും വയനാടിന് സമ്മാനിച്ചിരിക്കുന്നു. അവയെ സംരക്ഷിക്കുകയും പരിസ്ഥിതിയോടുള്ള ആദരവി​ന്‍റെ സംസ്കാരം ആഘോഷിക്കുകയും ചെയ്യുക എന്നത് ഇവിടുത്തെ വികസനത്തി​ന്‍റെ കേന്ദ്രമായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളെ കഴിയുന്നത്ര കാണാനും ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിൽ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണങ്ങൾ കേൾക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഈ യാത്രയിൽ നിങ്ങൾ എ​ന്‍റെ വഴികാട്ടികളും അധ്യാപകരും ആയിരിക്കും. ഒരു പൊതുജന പ്രതിനിധി എന്ന നിലയിൽ ഈ സന്ദർശനം എ​ന്‍റെ ആദ്യത്തേതായിരിക്കും. എന്നാൽ ഒരു പൊതുപോരാളി എന്ന നിലയിൽ ആദ്യത്തേതല്ല! ജനാധിപത്യത്തിനും നീതിക്കും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം എ​ന്‍റെ ജീവിതത്തി​ന്‍റെ കേന്ദ്രമാണ്. നിങ്ങളുടെ പിന്തുണയോടെ ഭാവിയിലും ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ ഞാനാഗ്രഹിക്കുന്നു. എന്നെ എം.പിയാക്കാൻ തീരുമാനിച്ചാൽ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവളായിരിക്കുമെന്നും കൂട്ടിച്ചേർത്ത് പ്രിയങ്ക കത്ത് ഉപസംഹരിക്കുന്നു.

2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് വിജയിച്ചതിനാൽ ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റ് നിലനിർത്താൻ രാഹുൽ ഗാന്ധി ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

Tags:    
News Summary - ‘Promised brother my work will deepen this bond’: Priyanka Gandhi in open letter to people of Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.