ന്യൂഡൽഹി: പ്രവാചകനിന്ദ നടത്തിയ രണ്ട് പ്രമുഖ ബി.ജെ.പി നേതാക്കൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ എം.പിയും മാധ്യമപ്രവർത്തകയും അടക്കം 30ൽപരം പേർക്കുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. രാജ്യത്തിനകത്തും പുറത്തും ഉയർന്ന പ്രതിഷേധങ്ങൾമൂലമുള്ള നിർബന്ധിതാവസ്ഥയിലാണ് പ്രവാചകനിന്ദ നടന്ന് രണ്ടാഴ്ചക്കു ശേഷമുള്ള പൊലീസ് നടപടി. പ്രവാചകനിന്ദ നടത്തിയവർക്കൊപ്പം അതിനോട് പ്രതികരിച്ചവരെയും ഉൾപ്പെടുത്തി തൂക്കമൊപ്പിച്ചാണ് എഫ്.ഐ.ആർ.
വിശദാംശങ്ങൾക്കായി സമൂഹ മാധ്യമങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാനൽ ചർച്ചയിൽ പ്രവാചകനെയും ഇസ്‍ലാമിനെയും അവഹേളിച്ച ബി.ജെ.പി നേതാവ് നൂപുർ ശർമക്കെതിരെയാണ് ഒന്ന്. സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മറ്റുമായി പ്രതികരിച്ചവർക്കുമെതിരെയാണ് മറ്റൊന്ന്. സൗഹാർദം ഇല്ലാതാക്കി വിഭാഗീയതയും വിദ്വേഷവും വളർത്തുന്നവിധം നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ മുൻനിർത്തിയാണ് കേസ്.
നൂപുർ ശർമയുടെ പരാമർശങ്ങൾ ഏറ്റുപിടിച്ച് ബി.ജെ.പി നേതാവ് നവീൻകുമാർ ജിൻഡാൽ ട്വിറ്റ് ചെയ്തിരുന്നു. ഇവർക്കു പുറമെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി, പ്രമുഖ മാധ്യമ പ്രവർത്തക സബ നഖ്‍വി, വിദ്വേഷ പ്രചാരകൻ യതി നരസിംഹാനന്ദ്, രാജസ്ഥാനിലെ മൗലാന മുഫ്തി നദീം, പീസ് പാർട്ടി വക്താവ് ശദാബ് ചൗഹാൻ തുടങ്ങിയവർ കുറ്റാരോപിതരാണ്.
ഹാഫിസുൽ ഹസൻ അൻസാരി, ബിഹാരിലാൽ യാദവ്, ഇല്യാസ് ശറഫുദ്ദീൻ, അബ്ദു റഹ്മാൻ, വിക്രമൻ, നഗ്മ ശൈഖ്, ഡോ. മുഹമ്മദ് കലീം തുർക്, അതിയുർ റഹ്മാൻ ഖാൻ, ഷുജ അഹ്മദ്, വിനീത ശർമ, ഇംതിയാസ് അഹ്മദ്, കുമാർ ദിവശങ്കർ, ഡാനിഷ് ഖുറൈശി, സ്വാമി ജിതേന്ദ്രാനന്ദ്, ലക്ഷ്മൺദാസ്, അനിൽകുമാർ മീണ, മുഹമ്മദ് സാജിദ് ശഹീൻ എന്നിങ്ങനെ നീളുന്നതാണ് 30ൽപരം പേരുടെ പട്ടിക.
കലാപമുണ്ടാക്കാൻ തക്ക വിധമുള്ള പ്രകോപനം, മതനിന്ദ, വ്യാജപ്രചാരണം തുടങ്ങിയവക്ക് ഇന്ത്യൻ ശിക്ഷനിയമത്തിലെ 153, 295, 505 വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങൾ പരിശോധിച്ച് ഡൽഹി പൊലീസ് സ്‍പെഷൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ്, സ്ട്രാറ്റജിക് ഓപറേഷൻ (ഐ.എഫ്.എസ്.ഒ) യൂനിറ്റാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു.
പ്രവാചകനിന്ദ മൂലം ലോകത്തിനു മുന്നിൽ ഇന്ത്യക്ക് നാണംകെടേണ്ടി വന്നിട്ടും ഉത്തരവാദികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നൂപുർ ശർമയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തോട് മുഖം തിരിച്ചുനിന്നതിന് ഒടുവിലാണ് ഇപ്പോൾ നിരവധി പേർക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.