ന്യൂഡൽഹി: രാജ്യത്ത് ഇപ്പോഴും നിയമം നിലനിൽക്കുന്നുവെന്നതാണ് തനിക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി കഴിഞ്ഞ ദിവസം അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയ നടപടി വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി നേതാവ് തജീന്ദർപാൽ സിങ് ബഗ്ഗ പറഞ്ഞു. ന്യൂഡൽഹിയിലെ വീട്ടിൽ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ തലപ്പാവ് ധരിക്കാൻ അനുവദിക്കാത്തതിൽ റിപ്പോർട്ട് തേടിയ ദേശീയ ന്യൂനപക്ഷ കമീഷന് അദ്ദേഹം നന്ദി പറഞ്ഞു. സിഖ് വിശ്വാസമനുസരിച്ച് തലപ്പാവില്ലാതെ പുറത്തുപോകാനാകില്ലെന്ന് ബഗ്ഗ വ്യക്തമാക്കി. ശനിയാഴ്ച അർധരാത്രി നടത്തിയ അടിയന്തര വാദം കേൾക്കലിലാണ് പഞ്ചാബ്-ഹരിയാന ഹൈകോടതി ബഗ്ഗക്കെതിരെ സംസ്ഥാന സർക്കാർ മേയ് 10നുള്ള വാദം കേൾക്കൽ വരെ അറസ്റ്റുൾപ്പെടെയുള്ള നടപടിയെടുക്കരുതെന്ന് നിർദേശിച്ചത്. അറസ്റ്റ് വാറന്റ് മേയ് 10വരെ നടപ്പാക്കില്ലെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ അൻമോൽ രത്തൻ സിദ്ദു പിന്നീട് പറഞ്ഞു. അറസ്റ്റിന് തിടുക്കമില്ലെന്ന് കോടതിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. മൊഹാലി കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റിനെതിരെ ശനിയാഴ്ചയാണ് ബഗ്ഗ ഹൈകോടതിയെ സമീപിച്ചത്.
പഞ്ചാബ് പൊലീസിൽനിന്ന് ഡൽഹി പൊലീസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ച ബഗ്ഗക്കെതിരെ മൊഹാലി കോടതി ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. പഞ്ചാബ് പൊലീസ് നൽകിയ അപേക്ഷ പ്രകാരമാണിത്.' ദ കശ്മീർ ഫയൽസ്' സിനിമക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബഗ്ഗ നടത്തിയ പ്രകോപന പ്രസംഗം മുൻനിർത്തിയാണ് ഡൽഹിയിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തത്. എന്നാൽ, മകനെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയുടെ ബലത്തിൽ കോടതിയിൽനിന്ന് സെർച് വാറന്റ് സമ്പാദിച്ച ഡൽഹി പൊലീസ് ബഗ്ഗയെ മോചിപ്പിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിൽ കുരുക്ഷേത്രയിൽ വെച്ച് ഹരിയാന പൊലീസ് വാഹനം തടയുകയും ഡൽഹി പൊലീസെത്തി ബഗ്ഗയെ മോചിപ്പിച്ച് വീട്ടിലെത്തിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.