കശ്മീരിൽ യുവാവിനെ ജീപ്പിൽ കെട്ടിവലിച്ച് സൈന്യം; പ്രതിരോധിക്കാനെന്ന് വിശദീകരണം

ശ്രീനഗർ: ജമ്മുകശ്മീരിൽ ലോക്സഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങൾക്കിടെ യുവാവിനെ സൈനിക ജീപ്പിൽ കെട്ടിവലിച്ച് കൊണ്ടു പോകുന്ന വിഡിയോ പുറത്ത് വന്നു. സൈനിക വാഹന വ്യൂഹത്തിൽ ഏറ്റവും മുമ്പിലെ വാഹനത്തിലാണ് യുവാവിനെ പ്രതിരോധ കവചമാക്കി കെട്ടിയിട്ടത്. വൈറലായ വിഡിയോ ചൂണ്ടിക്കാട്ടി സൈനിക നടപടിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഉമറിൻെറ പ്രതികരണം.
 



എന്നാൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾക്കിടെ സ്വരക്ഷക്കു വേണ്ടിയാണ് തങ്ങൾ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം. 400ഒാളം വരുന്ന ജനക്കൂട്ടം പോളിങ് ഒാഫീസർമാർക്കു നേരെ കല്ലെറിയുകയും ആക്രമണത്തിനൊരുങ്ങുകയുമായിരുന്നു. തുടർന്ന് ഇവർ സൈനിക സഹായം തേടി. സ്ഥലത്തെത്തിയ സൈന്യം പ്രതിഷേധ സംഘത്തിലെ ഒരു യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ട് കവചമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെ ജനം കല്ലെറിയലിൽ നിർത്തി.
 


സൈനികരുടെ അംഗബലം വളരെ കുറവായതിനാൽ ജനം ആക്രമിക്കും എന്നുറപ്പായതിനാലാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതത്രെ. തോക്കുപയോഗിച്ച് തങ്ങൾ പ്രതിരോധിച്ച് ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശിച്ചതെന്നുമാണ് സൈനിക വിശദീകരണം. തുടർന്ന് യുവാവിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കൈമാറിയതായും ഇയാളെ അക്രമിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. 

എട്ടു പേരുടെ മരണത്തിനും 100ലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമസംഭവങ്ങളുടെ നിരവധി വിഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താഴ്വരയിൽ ഏർപെടുത്തിയിരുന്ന ഇൻറർനെറ്റ് നിരോധം എടുത്തുകളഞ്ഞതോടെയാണ് ഇത്. നേരത്തേ സൈനികരെ ജനക്കൂട്ടം ആക്രമിക്കുന്ന വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.


 

Tags:    
News Summary - Protester Tied To Army Jeep 'For Defence' In Jammu And Kashmir Video That Is Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.