പൂണെ അപകടം: കാറോടിച്ച കൗമാരക്കാരന് കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നില്ലെന്ന് അഭിഭാഷകൻ

പൂണെ: രണ്ട് ഐ.ടി കമ്പനി ജീവനക്കാർ മരിച്ച കാറപകടത്തിന് ശേഷം കാറോടിച്ച കൗമാരക്കാരന് കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നില്ലെന്ന് അഭിഭാഷകൻ. ജു​വനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് ഇക്കാര്യം അഭിഭാഷകൻ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടി 12 ക്ലാസ് വിജയത്തിന് ശേഷം ഡൽഹിയിലെ പ്രധാന കോളജിൽ ബി.ബി.എ കോഴ്സിന് അഡ്മിഷന് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടുവെന്നാണ് അഭിഭാഷകൻ ജുവനൈൽ ജസ്റ്റിസ് ബോർഡിനെ അറിയിച്ചത്.

പൂണെയിലെ കല്യാണി നഗറില്‍ മേയ് 19 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ അനീഷ്‌ അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.

തുടർന്ന് കേസ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമങ്ങളുണ്ടായിരുന്നു. 17കാരന്‍റെ രക്തസാമ്പിള്‍ മാറ്റാനായി സസൂൺ ജനറൽ ആശുപത്രിയിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നത് യെർവാഡ പ്രദേശത്തെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരിന്നു. ഇടനിലക്കാരനായ അഷ്പക് മകന്ദർ ആശുപത്രി ജീവനക്കാരൻ അതുൽ ഘട്കാംബ്ലെയ്ക്ക് കൈക്കൂലി കൈമാറിയതായി പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) പരിസരത്ത് വെച്ചാണ് മൂന്ന് ലക്ഷം രൂപ കൈക്കൂലി നൽകിയതെന്നാണ് റിപ്പോർട്ട്.

രക്തസാമ്പിൾ മാറ്റാനായി കൈക്കൂലി നൽകിയ കേസിൽ കുട്ടിയുടെ രക്ഷിതാക്കൾ അറസ്റ്റിലായിരുന്നു. രക്തസാമ്പിൾ കൃത്രിമം നടത്തിയ കേസിൽ മൊത്തം ഏഴ് പ്രതികളെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോറൻസിക് വിഭാഗം മേധാവി ഡോ. അജയ് തവാരെ, മുൻ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, സസൂൺ ആശുപത്രിയിലെ ജീവനക്കാരൻ അതുൽ ഘട്ട്കാംബ്ലെ, പ്രതിയുടെ മാതാപിതാക്കൾ, ഇടനിലക്കാരായ അഷ്പക് മകന്ദർ, ഗെയ്ക്വാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Pune teen not getting college admission after Porsche crash, says his lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.