സുപ്രീംകോടതി ജാമ്യം അനുവദിച്ചവേളയിൽ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ജനങ്ങൾക്കിടയിൽ

ഉറച്ചുപറയുക, ജാമ്യം തന്നെയാണ്​ നിയമം

വർഷങ്ങൾ നീണ്ട മയക്കത്തിനുശേഷം ഇന്ത്യൻ സുപ്രീംകോടതി ഉണർന്നിരിക്കുന്നു. സമീപ നാളുകളിലെ ചില വിധികളിൽ 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവ പ്രകാരം ചുമത്തപ്പെട്ട കേസുകളിൽ പോലും ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്​ എന്ന തത്ത്വം ഊന്നിപ്പറഞ്ഞുകൊണ്ട്​ സുപ്രീംകോടതി പൗരസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചു.

ആം ആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ ചുമതലയുള്ള വിജയ് നായർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സെപ്റ്റംബർ രണ്ടിന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്​.വി.എൻ. ഭട്ടി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്​ കേൾക്കുക: കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ച്​ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിച്ചിട്ടില്ല, 350 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്​. ഏറിയാൽ ഏഴു വർഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റത്തിന് വിജയ് നായരെ ഇത്രയും കാലം വിചാരണയില്ലാതെ കസ്റ്റഡിയിൽ വെച്ചാൽ ‘ജാമ്യമാണ്​ നിയമം ജയിൽ അപവാദമാണ്​’ എന്ന നിർദേശം പൂർണമായും പരാജയപ്പെടും. നായർ 23 മാസമായി കസ്റ്റഡിയിലാണെന്ന കാര്യം എടുത്തുപറഞ്ഞ കോടതി ആർട്ടിക്ക്ൾ 21 പ്രകാരമുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം പവിത്രമാണെന്നും കർശനമായ വ്യവസ്ഥകൾ നടപ്പാക്കുന്ന സന്ദർഭങ്ങളിൽ പോലും അത് മാനിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെ​​ജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്തുകൊണ്ട്​ സെപ്റ്റംബർ 13ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവും ഏറെ പ്രധാനമാണ്.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 2024 മാർച്ച് 21നാണ്​ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യമായി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്​. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജൂൺ 26ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ജാമ്യം അനുവദിച്ച ജസ്റ്റിസ്​ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച്​ വെവ്വേറെയെങ്കിലും യോജിപ്പുള്ള വിധികളാണ് നൽകിയത്. കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞപ്പോൾ, സി.ബി.ഐ നടത്തിയ അറസ്റ്റ് ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ജസ്റ്റിസ് ഭൂയാൻ നിരീക്ഷിച്ചു.

22 മാസമായിട്ടും കെജ്രിവാളിനെ അറസ്​റ്റ്​ ചെയ്യാതിരുന്ന സി.ബി.ഐ അദ്ദേഹത്തിന്​ ഇ.ഡി കേസിൽ ജാമ്യം കിട്ടിയ ഉടനെ അറസ്​റ്റ്​ ചെയ്യാൻ തിടുക്കപ്പെട്ടതെന്തുകൊണ്ടാണെന്ന്​ മനസ്സിലാവുന്നില്ല. കൂട്ടിലടക്കപ്പെട്ട തത്തയെന്ന ധാരണ തിരുത്താനും കൂട്ടിലാക്കപ്പെടാത്ത തത്തയാണെന്ന്​ കാണിക്കാനും സി.ബി.ഐ മുതിരണം. സീസറുടെ പത്നിയെപ്പോലെ സംശയാതീതയാവണം.

ഇ.ഡി കേസിൽ ജാമ്യത്തിലായിരിക്കെ, കെജ്രിവാളിനെ തടവിൽ വെക്കുന്നത്​ നീതിയെ അപഹസിക്കലാണ്​. അറസ്​റ്റ്​ ചെയ്യാനുള്ള അധികാരം മിതമായി മാത്രം വേണം വിനിയോഗിക്കാൻ -ജസ്​റ്റിസ്​ ഭൂയാൻ പറഞ്ഞു.

ആഗസ്​റ്റ്​ ഒമ്പതിന്​ ജസ്​റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്​ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യന്ത്രി മനീഷ്​ സിസോദിയക്ക്​ ജാമ്യമനുവദിച്ചുകൊണ്ട്​ നടത്തിയ വിധിയും പ്രത്യേകം പ്രസ്​താവ്യമാണ്​. 17 മാസമായിട്ടും വിചാരണ ആരംഭിക്കാതെ ഒരാളെ തടവിലിടുന്നത്​ വേഗത്തിലുള്ള വിചാരണ എന്ന അവകാശത്തി​ന്റെ നിഷേധമാണ്​.

495 സാക്ഷികളെ വിസ്​തരിക്കാനും ലക്ഷക്കണക്കിന്​ പേജുകൾ വരുന്ന ആയിരക്കണക്കിന്​ രേഖകൾ പരിശോധിക്കാനുമിരിക്കെ, സമീപ ഭാവിയിലെന്നെങ്കിലും വിചാരണ ആരംഭിക്കാൻ വിദൂരസാധ്യതയെങ്കിലുമുള്ളതായി കരുതുന്നില്ലെന്നും ജഡ്​ജിമാർ പറഞ്ഞു. ഒരു വശത്ത് വിചാരണ വേഗത്തിലാക്കാൻ തയാറാണെന്ന്​ പറയുന്ന പ്രോസിക്യൂട്ടിങ്​ ഏജൻസികൾ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ വീണ്ടും ഒരു മാസത്തെ സമയം തേടുക വഴി പരസ്പര വിരുദ്ധമായ നിലപാടാണ്​ കൈക്കൊള്ളുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതേ ജഡ്​ജിമാർ ആഗസ്റ്റ് 27ന് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിക്കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിതക്കും ജാമ്യം അനുവദിച്ചു. 2024 മാർച്ച് 15ന് ഇ.ഡി അറസ്റ്റ് ചെയ്ത അന്നുമുതൽ കസ്റ്റഡിയിലായിരുന്നു കവിത. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ, സി.ബി.ഐ അവരെ അറസ്റ്റ് ചെയ്തു. കേസിന്റെ വാദം കേൾക്കുന്നതിനിടെ പ്രോസിക്യൂഷൻ ഏജൻസികളുടെ രീതികളെ ചോദ്യം ചെയ്​ത സുപ്രീംകോടതി ബെഞ്ച് ചില പ്രതികളെ മാപ്പുസാക്ഷികളായി തെരഞ്ഞെടുത്തതിനെ വിമർശിക്കുകയും ചെയ്തു.

നീതിയെക്കുറിച്ച്​ എല്ലാ പ്രതീക്ഷകളും നഷ്​ടപ്പെട്ടുവെന്ന്​ വേദനിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്​ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഈ വിധികൾ പകരുന്ന പ്രത്യാശകൾ ചെറുതല്ല. കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രോസിക്യൂഷൻ ഏജൻസികളെ നേർവഴിയിൽ നടക്കാൻ പ്രേരി​പ്പിച്ചേക്കും, മതിയായ കാരണമില്ലാതെ ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്ന സ​മ്പ്രദായത്തിന്​ അൽപമെങ്കിലും മാറ്റം വന്നേക്കുമെന്നും ആശിക്ക​ട്ടെ. ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ രാജ്യത്തെ ഹൈകോടതികളും വിചാരണ കോടതികളും ഉദാരമാക്കാനും ഇതു നിമിത്തമായേക്കും. നാലു വർഷത്തിലേറെ പിന്നിട്ടിട്ടും വിചാരണത്തടവുകാരായി തുടരുന്ന ഒട്ടനവധി ആക്​ടിവിസ്​റ്റുകൾ കെജ്രിവാളും സിസോദിയയും കവിതയും കിടന്ന തിഹാർ ജയിലിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലെ തടവറകളിലും ദുരിതമനുഭവിക്കുന്നുണ്ടെന്ന്​ കൂടി ഈ സമയം നാം ഓർമിക്കേണ്ടതുണ്ട്​.

Tags:    
News Summary - Bail is the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.