ഹൈദരാബാദ്: ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കലമെഡൽ നേടിയ ഇന്ത്യയുടെ അഭിമാനതാരം പി.വി. സിന്ധുവിനെ അഭിനന്ദിക്കാനെത്തിയതായിരുന്നു നടി രാധിക ശരത്കുമാർ. തെലുങ്ക് സിനിമയിലെ സൂപ്പർതാരം ചിരഞ്ജീവിക്കൊപ്പമാണ് രാധിക സിന്ധുവിനെ അഭിവാദ്യം ചെയ്യാൻ എത്തിയത്. അഭിനന്ദിക്കാനെത്തിയശേഷം സിന്ധു നേടിയ മെഡൽ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത രാധിക ആ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, പടത്തിന് നൽകിയ വിശദീകരണത്തോടെ ട്വീറ്റ് 'വൈറലായി'.
'നല്ല മനുഷ്യസ്േനഹിയും സുഹൃത്തുമായ ചിരഞ്ജീവി ഒരുക്കിയ അഭിനന്ദന ചടങ്ങിൽവെച്ച് പി.വി. സിന്ധുവിനെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം. നമ്മുടെ രാജ്യത്തിനുവേണ്ടി സിന്ധു പൊരുതി നേടിയ നേടിയ 'സ്വർണമെഡൽ' പിടിക്കുന്നത് എന്തൊരനുഭവമാണ്' -#OlympicGold എന്ന ഹാഷ്ടാഗിനൊപ്പം രാധിക ട്വീറ്റ് ചെയ്തതിങ്ങനെ.
ഇതിന് പിന്നാലെ ആരാധകരും ട്വിറ്ററാറ്റികളും നടിയെ തിരുത്തി രംഗത്തെത്തി. സിന്ധു നേടിയ വെങ്കലമെഡൽ സ്വർണമെന്ന് തെറ്റായി ചേർത്തത് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഈ ട്വീറ്റിന് കമന്റു ചെയ്തത്. 'മാഡം..അത് വെങ്കലമാണ്. അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അറിയാതെ നിങ്ങൾ എന്തിനാണ് ഒരു ജേതാവിനെ സന്ദർശിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്?' എന്നായിരുന്നു കമന്‍റുകളിലൊന്ന്. 'സിന്ധുവിനെ സ്വർണം എന്ന് അവർ വിശേഷിപ്പിച്ചതാണ്' എന്ന് മറ്റൊരു കമന്‍റിൽ പരിഹാസം. 'ട്വീറ്റ് ചെയ്യുേമ്പാൾ അൽപം ശ്രദ്ധയൊക്കെ ആവാം', 'വെളിച്ചമടിച്ചപ്പോൾ വെങ്കലം സ്വർണം പോലെ തോന്നിയതാവാം' 'വെങ്കലമെഡലിൽ സ്വർണം പൂശിയിട്ടുണ്ടാവും' തുടങ്ങി നിരവധി കമന്‍റുകളാണ് രാധികയെ ട്രോളി ട്വീറ്റിനുകീഴിൽ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.