ന്യൂഡൽഹി: യു.എസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിൽ റാഫേലിന് സമാനമായ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസുരക്ഷയാണ് പരമപ്രധാനമെന്നും പ്രിഡേറ്റർ ഡ്രോൺ ഇടപാടിൽ നിരവധി ദുരൂഹതകൾ ഒളിഞ്ഞ് കിടപ്പുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജനറൽ ആറ്റോമിക്സ് നിർമിക്കുന്ന 31 MQ-9B പ്രിഡേറ്റർ ഡ്രോണുകൾക്കായി ഇന്ത്യാ ഗവൺമെന്റ് 25,200 കോടി രൂപയുടെ കരാറാണ് നൽകിയിട്ടുള്ളത്. എ.ഐ ഇന്റഗ്രേഷൻ ഇല്ലാത്ത ഡ്രോണിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യഥാർത്ഥ വിലയേക്കാൾ ഇരട്ടിവിലക്ക് ഇന്ത്യ എന്തിനാണ് വാങ്ങിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദി ഏകപക്ഷീയമായി 36 റഫാൽ കരാറിൽ ഒപ്പുവെച്ചതിനെ അനുസ്മരിപ്പിക്കുകയാണ് ഈ പ്രിഡേറ്റർ ഇടപാടെന്ന് പവൻ ഖേര പറഞ്ഞു.
വാങ്ങിയ ഡ്രോണുകളുടെ എണ്ണത്തെക്കുറിച്ചും കോൺഗ്രസ് മോദി സർക്കാരിനെ ചോദ്യം ചെയ്തു. 2023 ഏപ്രിലിൽ ഇന്ത്യൻ സായുധ സേന മോദി സർക്കാരിനെ പ്രിഡേറ്റർ ഡ്രോണുകളുടെ ആവശ്യകത വെറും 18 ആണെന്നും 31 അല്ലെന്നും അറിയിച്ചിരുന്നു. പിന്നെ എന്തിനാണ് മോദി സർക്കാർ ഇപ്പോൾ 31 ഡ്രോണുകൾ വാങ്ങുന്നതെന്ന് വ്യക്തമാക്കാണം.
നിരവധി രാജ്യങ്ങൾ ഈ പ്രിഡേറ്റർ ഡ്രോണുകളോ സമാനമായ വേരിയന്റുകളോ ഇന്ത്യയേക്കാൾ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. എംക്യു-9 ഒരു ഡ്രോണിന് 56.5 മില്യൺ ഡോളറിന് യു.എസ് എയർഫോഴ്‌സ് വാങ്ങി. 2016ൽ യു.കെ എയർഫോഴ്‌സ് എംക്യു-9 ബി ഡ്രോൺ വാങ്ങിയത് 12.5 മില്യൺ ഡോളറിനാണ്. ഒരു ഡ്രോണിന് 17 മില്യൺ യു.എസ് ഡോളറിനാണ് ജർമ്മനി ഇത് വാങ്ങിയത്. പ്രധാനമന്ത്രി മോദി യുഎസിൽ ഒപ്പുവച്ചതാകട്ടെ ഒരു ഡ്രോണിന് 110 മില്യൺ ഡോളറിനാണ്. എന്തുകൊണ്ടാണ് ഡ്രോൺ ഇടപാടിന് സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അംഗീകാരം നൽകാത്തതെന്നും കോൺഗ്രസ് ചോദിച്ചു.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ബി.ജെ.പി ഇതുവരെ തയാറായിട്ടില്ല. ഇത് യു.എസ് സർക്കാർ ഉദ്ധരിച്ച വിലയാണെന്നും വിലയും നിബന്ധനകളും വാങ്ങലും ഇതുവരെ അന്തിമമായിട്ടില്ലെന്നും സർക്കാറിന്റെ നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ടി.എം.സി വക്താവ് സാകേത് ഗോഖലെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.