ന്യൂഡൽഹി: നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിർത്തണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിച്ച് മാപ്പ് പറയണമെന്ന് നഴ്സസ് യൂനിയൻ ആവശ്യപ്പെട്ടു. തൊഴിൽ സമയത്ത് നഴ്സിങ് ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതർ മലയാളത്തിന് വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കിയത്.
തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.