ലഖ്നോ: കരിങ്കൊടി പ്രകടനം നടത്തിയതിന് കാറിടിച്ചുകൊന്ന കർഷകരുടെ കുടുംബത്തെ ചെന്നുകണ്ട് സമാശ്വസിപ്പിക്കുന്നതിന് യു.പി ഭരണകൂടം രാഷ്ട്രീയ നേതാക്കൾക്ക് ഏർപ്പെടുത്തിയ വിലക്ക് പൊളിച്ച് കോൺഗ്രസ്. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്ന പ്രിയങ്ക ഗാന്ധിയെ കൂട്ടി രാഹുൽ ഗാന്ധിയും രണ്ടു മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെട്ട സംഘം ലഖിംപുരിലെ കർഷക കുടുംബങ്ങളിലെത്തി. പൊലീസിെൻറ പലവിധ കുരുക്കുകൾ തട്ടിമാറ്റിയായിരുന്നു ഈ സന്ദർശനം.
ആദ്യം വിലക്കിയെങ്കിലും, കടുത്ത പ്രതിഷേധം മുൻനിർത്തി രാഹുലിെൻറ ലഖിംപുർ യാത്രക്ക് ബുധനാഴ്ച യു.പി പൊലീസ് അനുമതി നൽകിയിരുന്നു. അഞ്ചു പേർക്കു മാത്രമായിരുന്നു യാത്രാനുമതി. ലഖ്നോ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുലിന് മുമ്പിൽ പൊലീസ് പുതിയ ഉപാധിവെച്ചത് പ്രതിഷേധം രൂക്ഷമാക്കി. പൊലീസ് വാഹനത്തിൽ വേണം ലഖിംപുരിലേക്ക് പോകാനെന്നായിരുന്നു നിബന്ധന.
ഏതു വാഹനത്തിൽ പോകണമെന്ന് നിശ്ചയിക്കുന്നത് പൊലീസല്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ കയർത്തതിനൊടുവിൽ, സ്വന്തം വാഹനത്തിൽ പോകാൻ പൊലീസ് അനുവദിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയേയും രണ്ടു മുഖ്യമന്ത്രിമാർ അടക്കമുള്ള ചെറുസംഘത്തെയുമാണ് പൊലീസ് ഇത്തരത്തിൽ ആദ്യം തടഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ്സിങ് സുർജേവാല എന്നിവരായിരുന്നു സംഘത്തിൽ. കഴിഞ്ഞ ദിവസം ഭൂപേഷ് ബാഘേൽ ലഖ്നോ വിമാനത്താവളത്തിൽ എത്തിയെങ്കിലും പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കാത്തതിനാൽ അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിച്ച് മടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ ചെന്നു കണ്ട് സമാശ്വസിപ്പിക്കുന്നതിന് പൊലീസ് വാഹനത്തിൽ വേണം പോകാനെന്ന പൊലീസ് നിബന്ധന ഏതു നിയമവും ചട്ടവും അനുസരിച്ചാണെന്ന് ലഖ്നോ വിമാനത്താവളത്തിൽ തന്നെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് രാഹുൽ ചോദിച്ചു. ''എനിക്ക് യാത്രാ സൗകര്യം ഒരുക്കാനും ഞാൻ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനും ആരാണ് നിങ്ങൾ? എനിക്ക് എെൻറ കാറിൽ പോകണം''-രാഹുൽ പറഞ്ഞു. ക്രമസമാധാന പ്രശ്നവും റോഡിലെ കുരുക്കുമാണ് പൊലീസ് കാരണമായി എടുത്തിട്ടത്. എത്ര ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നാലും മുഖ്യമന്ത്രിമാർ അടക്കം തനിക്കൊപ്പമുള്ളവരും തിരിച്ചു പോകില്ലെന്ന് രാഹുൽ കട്ടായം പറഞ്ഞതോടെ പൊലീസ് വഴങ്ങി. പ്രിയങ്കയെ കൂട്ടി പോകാനുള്ള വിലക്കും നീങ്ങി.
അവിടെനിന്ന് 88 കിലോമീറ്റർ അകലെയുള്ള സിതാപുരിലെത്തിയ രാഹുൽ െഗസ്റ്റ് ഹൗസിൽ തടങ്കലിലായിരുന്ന പ്രിയങ്കയേയും കൂട്ടി വീണ്ടും 50 കിലോമീറ്റർ പിന്നിട്ട് രാത്രി എട്ടിനു മുമ്പ് ലഖിംപുരിലെത്തി. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കണ്ടു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ അസൗകര്യം മുൻനിർത്തി രാജസ്ഥാനിൽനിന്ന് ലഖിംപൂരിലേക്ക് പുറപ്പെട്ട സചിൻ പൈലറ്റിനെ വഴിമധ്യേ പൊലീസ് കുറെ നേരം തടഞ്ഞു വെച്ചു. ലഖിംപുർ സന്ദർശിക്കാൻ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനും നേരത്തെ അനുമതി നൽകിയിരുന്നു.
അമിത്ഷായെ കണ്ട് മന്ത്രി; രാജിവെക്കില്ല
ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദം തുടരുന്നതിനിടയിൽ ആഭ്യന്തര മന്ത്രി അമിത്ഷായെ അദ്ദേഹം ബുധനാഴ്ച രാവിലെ വസതിയിൽ ചെന്നു കണ്ടു. നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിലെ തെൻറ ഓഫിസിൽ അതിനു മുമ്പ് അര മണിക്കൂർ ചെലവഴിക്കുകയും ചെയ്തു. സാഹചര്യങ്ങൾ വിലയിരുത്തി മുഖം രക്ഷിക്കാനുള്ള വഴികൾ ചർച്ച ചെയ്തുവെന്നല്ലാതെ, മന്ത്രി രാജിവെക്കില്ലെന്നാണ് സൂചന. അതേസമയം, വ്യാഴാഴ്ച അദ്ദേഹം പങ്കെടുക്കേണ്ട ഔദ്യോഗിക ചടങ്ങ് ഒഴിവാക്കി.
കർഷകരുടെ മേൽ കയറിയ വാഹനത്തിൽ മകൻ ആശിഷ് ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രി ആവർത്തിക്കുന്നത്. കർഷകരെ ഇടിച്ചു കൊന്ന മഹീന്ദ്ര ഥാർ വാഹനം തേൻറതാണെന്ന കാര്യം മന്ത്രി സമ്മതിക്കുന്നുണ്ട്. അതിക്രമം നടന്ന സ്ഥലത്ത് താനോ മകനോ ഉണ്ടായിരുന്നില്ല. രാജിവെക്കാൻ സമ്മർദമൊന്നുമില്ലെന്ന മട്ടിലാണ് കഴിഞ്ഞ ദിവസം മന്ത്രി സംസാരിച്ചത്. താൻ എന്തിനു രാജി വെക്കണം? സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷിക്കും. ഇതിൽ ഉൾപ്പെട്ടവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.