ശ്രീനഗർ: സുരക്ഷാവീഴ്ചമൂലം നിർത്തിവെച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ ജമ്മു കശ്മീരിൽ പുനരാരംഭിച്ചു. പുൽവാമയിലെ അവന്തിപോറയിൽ നിന്നാണ് രാവിലെ യാത്ര പുനരാരംഭിച്ചത്. പി.ഡി.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ പദയാത്രയിൽ പങ്കെടുക്കും. സുരക്ഷാ കാരണം ഉച്ചക്ക് പന്താചൗക്കിൽ പദയാത്ര അവസാനിക്കും. സുരക്ഷക്കായി 15 കമ്പനി സി.ഐ.പി.എഫിനെയും 10 കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, മതിയായ സുരക്ഷ ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. ജനുവരി 30നാണ് ജോഡോ യാത്രയുടെ സമാന സമ്മേളനം നടക്കുക. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ പങ്കെടുക്കുമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
ജമ്മു-കശ്മീർ ഭരണകൂടം സുരക്ഷാകാര്യത്തിൽ അലംഭാവം കാണിച്ചുവെന്നും ജനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും ചൂണ്ടിക്കാട്ടി കശ്മീർ താഴ്വരയിലേക്കുള്ള കവാടമായ ഗാസികുണ്ടിന് സമീപത്തുവെച്ചാണ് ‘ഭാരത് ജോഡോ യാത്ര’ നിർത്തിവെച്ചത്. രാഹുലിന്റെ സംഘത്തിന്റെ പുറംചുറ്റിലുള്ള സുരക്ഷ ചുമതലയാണ് പൊലീസിനുണ്ടായിരുന്നത്.
യാത്രാസംഘത്തിന് പുറത്തുള്ള സുരക്ഷാവലയത്തിന്റെ അഭാവം പൊടുന്നനെ കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതോടെ സുരക്ഷയില്ലാതെ മുന്നോട്ടു പോകേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. അതോടെ, വെള്ളിയാഴ്ച 11 കിലോമീറ്റർ നടക്കാൻ പദ്ധതിയിട്ടിരുന്ന രാഹുലിന് 500 മീറ്റർ മാത്രം നടന്ന് ആ ദിവസത്തെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സുരക്ഷയില്ലാത്ത സാഹചര്യത്തിലുള്ള യാത്ര ജീവൻവെച്ചുള്ള കളിയാകുമെന്ന് കണ്ടതോടെയാണ് മുന്നോട്ടു പോകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
പൊലീസിന്റെ സുരക്ഷ സംവിധാനം പൂർണമായി തകിടംമറിഞ്ഞുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞത്. കാണാവുന്നിടത്തൊന്നും പൊലീസ് ഉണ്ടായിരുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ജനുവരി 30ന് ശ്രീനഗറിലാണ് ജോഡോ യാത്ര സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.