'രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ സത്യമായിരുന്നു...'; ചൈന പുതിയ 'സ്റ്റാൻഡേർഡ് മാപ്പ്' പുറത്തിറക്കിയതിന് പിന്നാലെ സഞ്ജയ് റാവത്ത്

മുംബൈ: ലഡാക്കിലെ പാംഗോങ് താഴ്‌വരയിൽ ചൈന പ്രവേശിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ സത്യമാണെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. അരുണാചൽ പ്രദേശും അക്‌സായ് ചിൻ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കാണിക്കുന്ന സ്റ്റാൻഡേർഡ് ഭൂപടത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ചൈന ഔദ്യോഗികമായി പുറത്തിറക്കിയതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.

ലഡാക്കിലെ അവകാശവാദങ്ങൾ ശരിയാണെന്നും കേന്ദ്ര സർക്കാരിന് ധൈര്യമുണ്ടെങ്കിൽ പ്രദേശത്ത് സർജിക്കൽ സ്‌ട്രൈക്ക് നടത്തണമെന്നും റാവത്ത് സർക്കാറിനെ വെല്ലുവിളിച്ചു. 

“നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ഷി ജിൻപിങ്ങിനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനുശേഷം ചൈനയുടെ ഭൂപടം വരുന്നു. ലഡാക്കിലെ പാംഗോങ് താഴ്‌വരയിൽ ചൈന പ്രവേശിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദം ശരിയാണ്. അരുണാചലിലേക്ക് കടക്കാൻ ചൈന ശ്രമിക്കുന്നു. നിങ്ങൾക്ക് (കേന്ദ്ര സർക്കാരിന്) ധൈര്യമുണ്ടെങ്കിൽ ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തൂ,” സഞ്ജയ് റാവത്ത് പറഞ്ഞു.

ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും അക്‌സായ് ചിൻ പ്രദേശവും തായ്‌വാനുമായി തർക്കമുള്ള ദക്ഷിണ ചൈനാ കടലും  ചൈന പുറത്തുവിട്ട ഭൂപടത്തിൽ കാണാം.

അടുത്തിടെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടിയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു.

ഈ മാസം ആദ്യം, ലഡാക്ക് സന്ദർശന വേളയിലാണ് രാഹുൽ ഗാന്ധി ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലെന്ന അവകാശവാദം സത്യമല്ലെന്ന് പറഞ്ഞത്. ചൈന നമ്മുടെ ഭൂമി കൈക്കലാക്കുന്നതിൽ ഇവിടുത്തെ നാട്ടുകാർക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനോട് മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - ‘Rahul Gandhi’s claims were true…’: Raut after China releases new ‘standard map’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.