വിജയവും പരാജയവും ജനാധിപത്യത്തിൽ അനിവാര്യം; രണ്ടും കണക്കിലെടുക്കണം -ഋഷി സുനകിനോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: യു.കെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട മുൻ പ്രധാനമന്ത്രി ഋഷി സുനകിനെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണെന്നും രണ്ടും ഒരുപോലെ സ്വീകരിക്കാൻ തയാറാകണമെന്നുമാണ് ഋഷി സുനകിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ എക്സിൽ കുറിച്ചത്.

''സമീപകാലത്തെ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണ്. രണ്ടും ഏറ്റെടുക്കാൻ നാം തയാറാകണം. പൊതുസേവനത്തോടുള്ള താങ്കളുടെ സമർപ്പണവും ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രശംസനീയമാണ്. താങ്കളുടെ ഭരണകാലത്ത് ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെയും ഞാൻ വളരെയധികം വിലമതിക്കുന്നു.''-എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. തന്റെ രാഷ്ട്രീയജീവിതത്തിലെ പരിചയം കണക്കിലെടുത്ത് ഋഷി സുനക് പൊതുജനങ്ങൾക്ക് നൽകുന്ന സേവനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ കുറിച്ചു.

650 അംഗപാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 412 സീറ്റുകൾ നേടിയാണ് ലേബർ പാർട്ടി ചരിത്രവിജയം നേടിയത്. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകളാണ് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 211സീറ്റുകളാണ് ലഭിച്ചത്. 14 വർഷത്തിനു ശേഷമാണ് ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയത് എന്നതും ശ്രദ്ധേയം. കെയർ സ്റ്റാമർ ആണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

Tags:    
News Summary - Rahul Gandhi's note to Rishi Sunak after poll loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.