ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലഡാക്ക് സന്ദർശനം ആഗസ്റ്റ് 25 വരെ നീട്ടി. കോൺഗ്രസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഗസ്റ്റ് 20ന് പാങ്കോങ് തടാകത്തിൽ ആഘോഷിക്കുമെന്നാണ് വിവരം.
കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കുന്ന രാഹുൽ സംസ്ഥാനത്തെ യുവജനങ്ങളുമായി സംവദിക്കും. ലേയിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരവും അദ്ദേഹം കാണും.
ആഗസ്റ്റ് 25ന് നടക്കുന്ന 30 അംഗ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്‍റ് കൗൺസിൽ (എൽ.എ.എച്ച്.ഡി.സി)-കാർഗിൽ തെരഞ്ഞെടുപ്പിന്‍റെ യോഗത്തിലും പങ്കെടുക്കും. സെപ്തംബർ 10ന് നടക്കുന്ന കാർഗിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലാണ് മത്സരിക്കുന്നത്.
ആഗസ്റ്റ് 24ന് വിമാനമാർഗം ലേയിൽ എത്തുന്ന രാഹുലിനെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് വരവേൽക്കും.
2019 ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തുന്നത്. ഈ വർഷം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശ്രീനഗറിലും സ്വകാര്യ സന്ദർശനത്തിനായി ജമ്മുവിലും സന്ദർശനം നടത്തിയെങ്കിലും രാഹുൽ ലഡാക്കിലേക്ക് യാത്ര ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.