ചെന്നൈ: സംസ്ഥാന ഹൈവേ റോഡ് നിർമാണ പദ്ധതികൾ കരാർ ഏറ്റെടുത്ത് നടപ്പാക്കുന്ന എസ്.പി.കെ ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 450 കോടി രൂപയുടെ കണക്കിൽപെടാത്ത സ്വത്തുക്കൾ. അഞ്ചുദിവസം തുടർച്ചയായി നടന്ന റെയ്ഡിലാണ് വൻതുകയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തത്.
വിരുതുനഗർ ജില്ലയിലെ അറുപ്പുക്കോട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.പി.കെ ഗ്രൂപ്പിനു കീഴിലെ റോഡ് നിർമാണ- വികസന സ്ഥാപനങ്ങൾ നടത്തുന്നത് സെയ്യാദുരൈയും മകൻ നാഗരാജും ചേർന്നാണ്. ജയലളിത പദ്ധതികളുടെ കരാർ ഏറ്റെടുത്തിരുന്നത് ഇവരാണ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ബിനാമി ബിസിനസ് ഗ്രൂപ്പായും ഇതറിയപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകെൻറ ഭാര്യാപിതാവ് സുബ്രമണ്യം ഇതിൽ പങ്കാളിയാണ്.
ജൂലൈ 16ന് തുടങ്ങിയ റെയ്ഡ് അണ്ണാ ഡി.എം.കെ ഭരണകേന്ദ്രങ്ങളിൽ കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. 40ഒാളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഇതിൽ 183 കോടി രൂപയുടെ റൊക്കപ്പണവും 105 കിലോയുടെ സ്വർണക്കട്ടികളും രണ്ടു കിലോ സ്വർണാഭരണങ്ങളും ഉൾപ്പെടും. കൂടാതെ കോടികൾ വിലമതിക്കുന്ന ബിനാമി ഭൂസ്വത്തുക്കളുടെ പ്രമാണപത്രങ്ങളും മറ്റു വിലപ്പെട്ട രേഖകളും പിടിച്ചെടുത്തു. സെയ്യാദുൈര, മക്കളായ നാഗരാജ്, കറുപ്പുസാമി, ബാലസുബ്രമണ്യൻ, ഒാഡിറ്റർ സുബ്രമണ്യൻ തുടങ്ങിയവരെ ആദായനികുതി ഉേദ്യാഗസ്ഥർ ചോദ്യംചെയ്തുവരുകയാണ്.
വിശദമായ ചോദ്യംചെയ്യലിനായി നാഗരാജിനെ ചെന്നൈയിൽ കൊണ്ടുവന്നതായും റിപ്പോർട്ടുണ്ട്. ഇതിനുപുറമെ സർക്കാർ സ്കൂളുകളിലും പോഷകാഹാര കേന്ദ്രങ്ങളിലും കോഴിമുട്ട വിതരണം കരാറെടുത്ത സ്ഥാപനത്തിലും ആദായനികുതി പരിശോധന നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.