ന്യൂഡൽഹി: യാത്രക്കാരുടെയും ചരക്ക് കടത്തുകാരുടെയും വ്യക്തി വിവരങ്ങൾ വിറ്റ് 1000 കോടി രൂപ സമാഹരിക്കാൻ റെയിൽവേ. വിവര ശേഖരത്തിന്റെ കൈമാറ്റം നടപ്പാക്കാൻ കൺസൽട്ടന്റിനെ തേടി റെയിൽവേ ടെൻഡർ ക്ഷണിച്ചു. ഓൺലൈൻ വഴി റെയിൽവേ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ വ്യക്തിവിവരങ്ങൾ കൈമാറുമെന്നാണ് ടെൻഡറിൽ പറയുന്നത്. അതേസമയം, തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു. സ്വകാര്യതയുടെ ലംഘനമാണ് നടപടിയെന്ന് നിരവധി സാമൂഹിക സംഘടനകളും പ്രതികരിച്ചു. ഇതേത്തുടർന്ന് ടെൻഡർ പിൻവലിച്ചേക്കുമെന്ന അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നു.
റെയിൽവേക്ക് കീഴിലെ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് (ഐ.ആർ.സി.ടി.സി) വിവാദ ടെൻഡർ ക്ഷണിച്ചത്. ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, വിലാസം, വയസ്സ്, യാത്രക്കാരുടെ എണ്ണം, ക്ലാസ് എന്നിങ്ങനെയുള്ള വിവരങ്ങൾ, ടിക്കറ്റിനായി പണമടച്ച രീതി, അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ തുടങ്ങി വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ടെൻഡർ ലഭിക്കുന്ന കമ്പനികൾക്ക് ലഭ്യമാവുമെന്നും വലിയ സാധ്യതകളാണ് ഇതിലൂടെ തുറക്കുക എന്നും ടെൻഡർ രേഖയിൽ പറയുന്നു.
അതേസമയം, ടെൻഡർ വിവാദമായതിനെ തുടർന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാണ് നടപടിയെ ന്യായീകരിച്ച് രംഗത്തു വന്നത്. ഡേറ്റ സംരക്ഷണ ബില്ലിന് അന്തിമ രൂപമാകാത്തതിനാൽ ടെൻഡർ പിൻവലിച്ചേക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, റെയിൽവേ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.