ജയ്പുർ: പഴയജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരാൻകഴിയാതെ ഒന്നരവർഷമായി ആശുപത്രിക്കിടക്കയിൽ കഴിയുന്ന ഹർഷാധിപതി വാത്മീകിയുടെ വേദന രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നീറ്റലായി. ദലിതനായ വൈദ്യുതി ബോർഡ് എൻജിനീയർ വാത്മീകിയെ ഓഫിസിൽ കയറിച്ചെന്ന് കാൽ തല്ലിയൊടിച്ച സംഭവത്തിൽ കോൺഗ്രസ് പുറത്താക്കിയ ബാഡി എം.എൽ.എ ഗിരിരാജ്സിങ് മലിംഗയെ ബി.ജെ.പിയിൽ എടുത്ത് അതേ സീറ്റിൽ വീണ്ടും മത്സരിപ്പിക്കുന്നത് സംസ്ഥാനത്താകെ ചർച്ചാവിഷയമാണ്.
സവർണരായ ഠാകുറുകളുടെ ഗ്രാമത്തിൽ കടന്നുചെന്ന് വൈദ്യുതി ബിൽ കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ടതാണ് ദലിത് വിഭാഗക്കാരനായ ഹർഷാധിപതി വാത്മീകി എന്ന 28കാരൻ ചെയ്ത കുറ്റം. കോൺഗ്രസിന്റെ എം.എൽ.എയും രജപുത്ര വിഭാഗക്കാരനുമായ ഗിരിരാജ്സിങ് മലിംഗയും കൂട്ടാളികളും വൈദ്യുതിവകുപ്പ് ഓഫിസിൽ കടന്നുചെന്ന് വാത്മീകിയുടെ കാൽ തല്ലിയൊടിച്ചു. ക്രൂരമർദനത്തിൽ അർധപ്രാണനായ യുവാവ് അന്നു മുതൽ എല്ലുനുറുങ്ങി എഴുന്നേറ്റ് നടക്കാനാവാതെ ആശുപത്രി ഐ.സി.യുവിലാണ്. 2022 മാർച്ച് 18നായിരുന്നു സംഭവം.
ജനരോഷം ഉയർന്നപ്പോൾ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതമായി. അപ്പോഴും മലിംഗയെ പിടികൂടിയില്ല. രാഷ്ട്രീയസമ്മർദങ്ങൾക്കൊടുവിൽ മലിംഗ പൊലീസ് കമീഷണർ ഓഫിസിലെത്തി കീഴടങ്ങി. തുടർന്ന് കോവിഡ് സ്ഥിരീകരണ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ആശുപത്രിയിൽ കഴിഞ്ഞു. ഒരാഴ്ചക്ക് ശേഷം ജാമ്യം നേടി പുറത്തിറങ്ങി.
ദലിത് പീഡകനെ സംരക്ഷിക്കുന്നുവെന്ന വിമർശനത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ എം.എൽ.എയെ കോൺഗ്രസ് പുറത്താക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. കോൺഗ്രസിനെതിരെ വിമർശനം ഉയർത്തിയ പഴങ്കഥ മറന്ന് മലിംഗയെ പാർട്ടിയിലെടുത്ത് ബി.ജെ.പി ടിക്കറ്റ് നൽകി. സവർണ വിഭാഗങ്ങളുടെ ഉറച്ചപിന്തുണയിൽ മലിംഗക്ക് ജയിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇത്.
ഈ വിഷയം നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്. ദലിത് പ്രേമം പറയുന്ന ബി.ജെ.പിയുടെ യഥാർഥ മുഖം മലിംഗയുടെ സ്ഥാനാർഥിത്വത്തിലൂടെ എടുത്തുകാണിക്കുകയാണ് കോൺഗ്രസ്. ജയ്പുരിലെ എസ്.എം.എസ് ആശുപത്രി ഐ.സി.യുവിലെത്തി ഹർഷാധിപതി വാത്മീകിയെ ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ കണ്ടു. തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് മലിംഗയുടെ സ്ഥാനാർഥിത്വമെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.