ജയ്പൂർ: രാജസ്ഥാനിലെ പെട്രോൾ -ഡീസൽ വാറ്റ് നികുതി കുറക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ബി.ജെ.പി നേതാവിന്‍റെ കത്ത്. രാജസ്ഥാൻ ബി.ജെ.പി പ്രസിഡന്‍റ് സതീഷ് പൂനിയയാണ് സോണിയക്ക് കത്തയച്ചത്. രാജസ്ഥാനിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറച്ച് ഇന്ധനവില കുറക്കണമെന്നാണ് ആവശ്യം.
രാജ്യത്തെ 25ഓളം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു. സാധാരണക്കാർക്ക് ആശ്വാസമേകാൻ നികുതി കുറക്കാൻ ഗെഹ്ലോട്ടിനോട് സോണിയ ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.
രാജ്യത്ത് പെേട്രാൾ -ഡീസൽ വില വർധനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും പ്രതിപക്ഷപാർട്ടികളും തമ്മിൽ കൊമ്പുകോർത്തിരുന്നു. അതിനിടെ കേന്ദ്രസർക്കാർ എക്സൈസ് നികുതി പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. എന്നാൽ കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
കേന്ദ്രം എക്സൈസ് തീരുവ കുറച്ചാൽ സംസ്ഥാനത്തെ വാറ്റ് സ്വയമേ കുറയുമെന്ന് അവകാശപ്പെട്ട് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.